തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാന്‍ സി.പി.എം. പച്ചക്കൊടി വീശുന്നുവെന്ന റിപ്പോർട്ടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷസ്‌കാൻ ജിതിൻ കെ ജേക്കബ്. ഇതിനായി കേരള സംസ്ഥാന സ്വകാര്യ സര്‍വകലാശാലാ ബില്‍ കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. ഉന്നതവിദ്യാഭ്യാസമേഖലയുടെ നിലവാരമുയര്‍ത്താനായി ഇത്തരം പരിഷ്‌കാരം അനിവാര്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെയും ജിതിൻ പരിഹാസരൂപേണ വിമർശിക്കുന്നു.
അങ്ങനെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി 21 ആം നൂറ്റാണ്ടിലേക്ക് പ്രവേശിക്കുവാൻ പോകുന്നുവെന്നാണ് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. പാർട്ടി വെറും 22 കൊല്ലം പുറകിൽ ആണെന്നെ ഉള്ളൂ. ലോകത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി രണ്ട് പതിറ്റാണ്ട് വൈകി ആണെങ്കിലും അവർ മാറുന്നുണ്ട്. കേരളത്തിന് സാമ്പത്തിക സഹായവുമായി വന്ന ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് പ്രതിനിധികളെ തുണി പൊക്കി കാണിച്ച് പ്രതിഷേധിച്ച പാരമ്പര്യം ഉള്ള പാർട്ടി രണ്ട് പതിറ്റാണ്ടിന് ഇപ്പുറം വിദേശ നിക്ഷേപം കൊണ്ടുവരാൻ മുതലാളിത്ത രാജ്യങ്ങളിൽ തെണ്ടി നടക്കുന്നുവെന്നും ജിതിൻ ചൂണ്ടിക്കാട്ടുന്നു.
‘പാർട്ടിയും അണികളും മാത്രമേ 2 പതിറ്റാണ്ടു പുറകിൽ ഉള്ളൂ കേട്ടോ, നേതാക്കന്മാർ 2030 ൽ എത്തിക്കഴിഞ്ഞു. സ്വാശ്രയ കോളേജുകൾക്കെതിരെ എന്നെപ്പോലുള്ള അന്തങ്ങൾ രണ്ട് പതിറ്റാണ്ടു മുമ്പ് ക്ലാസ്സ് മുടക്കി തെരുവിൽ മുദ്രാവാക്യം വിളിച്ചു നടന്നപ്പോൾ നേതാവിന്റെ മകൻ സ്വാശ്രയ കോളേജിൽ MBA പഠിക്കുക ആയിരുന്നു. അതും മിനിമം യോഗ്യത പോലുമില്ലാതെ! മകളോ, അത് മറ്റൊരു സ്വാശ്രയത്തിലും, അതും പാർട്ടിയുടെ കണ്ണിലെ കരടായ ‘ആൾ ദൈവത്തിന്റെ’ സ്ഥാപനത്തിലും!. എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ആദ്യ സ്വകാര്യ സർവകലാശാല സഖാവ് പുഷ്‌പ്പനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണം എന്നതാണ്. ‘പുഷ്‌പ്പനെ അറിയാമോ, ഞങ്ങളുടെ പുഷ്‌പ്പനെ അറിയാമോ’ എന്ന പാർട്ടി സൂക്തം കൂടി അണികൾ വേദിയിൽ പാടിയാൽ ഉദ്ഘാടനം കൊഴുക്കും’, ജിതിൻ കുറിച്ചു.
Post Your Comments