ശ്രീകൃഷ്‌ണപുരം: ബി.ജെ.പിയെയും കോൺഗ്രസിനെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ. താൽക്കാലിക ലാഭത്തിനുവേണ്ടി കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിച്ചുവെന്നും, ഇതിന്റെയെല്ലാം ബാക്കിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇത്തരം വർഗീയ ശക്തികളുടെ പിന്തുണയോടെയാണ് കോൺഗ്രസ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം കെ വി വിജയദാസ് നഗറിൽ (കടമ്പഴിപ്പുറം ബസ് സ്റ്റാൻഡ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും ആർഎസ്എസിന്റെയും പിന്തുണ തേടിയത് കോൺഗ്രസാണെന്നാണ് ജയരാജൻ പറയുന്നത്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഹർത്താൽ എന്ന പേരിൽ സംസ്ഥാനത്ത് അക്രമം നടത്തിയെന്നും, ഇതേ രീതിതന്നെയാണ് ആർഎസ്എസിനുമുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
‘വർഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി അധികാരം പിടിച്ചത്. ഗുജറാത്ത് കലാപത്തിനുശേഷമാണ് സംസ്ഥാന ഭരണം ബിജെപി പിടിച്ചെടുത്തത്. ഇത്തരത്തിൽ രാജ്യത്തെ വർഗീയമായി വേർതിരിച്ച് അധികാരം ഉറപ്പിക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. മൃദുഹിന്ദുത്വ നടപടികളിലൂടെ ഇതിന് കോൺഗ്രസും കൂട്ടുനിൽക്കുന്നു. വർഗീയതയെ പ്രതിരോധിക്കാൻ മതനിരപേക്ഷതയ്ക്ക് മാത്രമേ കഴിയൂ. ഇത്തരം ആശയമാണ് രാജ്യത്തെ കർഷക പ്രസ്താനങ്ങളും മുന്നോട്ടുവയ്ക്കുന്നത്’, അദ്ദേഹം പറഞ്ഞു.
Post Your Comments