KeralaLatest NewsNews

ഐസറില്‍ പ്രവേശനം നേടിയ അല്‍ഗയെ വീട്ടിലെത്തി അനുമോദിച്ച് മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ (ഐസര്‍) ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് പ്രവേശനം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥി അല്‍ഗ ദുര്യോധനനെ പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ രണ്ടുകൈ ട്രൈബല്‍ കോളനിയിലെ വീട്ടിലെത്തി അനുമോദിച്ചു. മികച്ച റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടായ ഐസറില്‍ പ്രവേശനം നേടിയ അല്‍ഗ നാടിന്റെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്‍കിവരുന്ന പിന്തുണയുടെ ഫലമാണ് അല്‍ഗയുടേത് ഉള്‍പ്പെടെയുള്ളവരുടെ വിജയം. ആ നേട്ടങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിന് സമൂഹം ഒന്നാകെ കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടിക വര്‍ഗ വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മാനമായി സ്വര്‍ണപ്പതക്കം മന്ത്രി അല്‍ഗയ്ക്ക് കൈമാറി. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരിമിതികള്‍ക്കിടയിലും മികച്ച വിദ്യാഭ്യാസത്തിലൂടെ ഐസറില്‍ പ്രവേശനം നേടിയ അല്‍ഗ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ പറഞ്ഞു.

കോവിഡ് ബാധിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം അല്‍ഗയ്ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിവരം പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അറിയുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഉടന്‍ ഐ.ഐ.ടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഐഐടി ബോര്‍ഡ് തീരുമാനമായതിനാല്‍ പരീക്ഷ എഴുതാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കാണിച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചപ്പോഴേക്കും ആദ്യ പരീക്ഷ കഴിയാറായിരുന്നു. അടുത്ത വര്‍ഷം പ്രിലിമിനറി പരീക്ഷ എഴുതാതെ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ അല്‍ഗയെ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍, ഒരു വര്‍ഷം കൂടി എന്‍ട്രസ് കോച്ചിംഗ് നേടി വീണ്ടും എന്‍ട്രന്‍സ് പരീക്ഷ എഴുതാമെന്നായിരുന്നു അല്‍ഗയുടെ നിലപാട്. ഇതനുസരിച്ച് പാലയിലെ കോച്ചിംഗ് സെന്ററില്‍ സീറ്റ് തരപ്പെടുത്തി നല്‍കുകയും വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും ഡയറക്ടര്‍ ടി.വി അനുപമയും ഇടപെട്ട് വകുപ്പില്‍ നിന്ന് പഠനത്തിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. അച്ചന്റെ മരണം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഐസര്‍ പ്രവേശനപ്പരീക്ഷയില്‍ മികച്ച വിജയം നേടിയ അല്‍ഗ മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാണെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അഖിലേന്ത്യാതലത്തില്‍ എസ്ടി വിഭാഗത്തില്‍ 188-ാം റാങ്കോടെയാണ് അല്‍ഗ ഐസറിലെ ബി.എസ്- എം.എസ് കോഴ്സിന് പ്രവേശനം നേടിയത്. കൊടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സി.വി ആന്റണി, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എം ഷമീന, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സവിത പി ജോയ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജിഷയാണ് അല്‍ഗയുടെ അമ്മ. അനുജത്തി അല്‍ഗിത, അനുജന്‍ ആദിദേവ് കൃഷ്ണ, വല്യച്ചന്‍ പുഷ്പന്‍, അമ്മൂമ്മ ലക്ഷ്മി എന്നിവരും കൂടെയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button