തിരുവനന്തപുരം: സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാൻ വിവരങ്ങൾ തത്സമയം അറിയിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ പ്രത്യേക മോണിറ്റർ സ്ഥാപിക്കുന്നതാണ്.
പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു രോഗി 108 ആംബുലൻസിൽ പ്രവേശിക്കപ്പെട്ടാൽ രോഗിയുടെ വിവരം, അപകട വിവരം, രോഗിയുടെ അവസ്ഥ, ആംബുലൻസ് വരുന്നതിന്റെ വിവരം, ആശുപത്രിയിൽ എത്തുന്ന സമയം എന്നിവയെല്ലാം മോണിറ്ററിൽ തത്സമയം തെളിയും. ഇതിലൂടെ ആശുപത്രിയിലുള്ളവർക്ക് അതനുസരിച്ച് ക്രമീകരണം നടത്താനും വേഗത്തിൽ ചികിത്സ ലഭ്യമാക്കാനും സാധിക്കും. കൺട്രോൾ റൂമിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കനിവ് 108 ആംബുലൻസിൽ വിളിക്കുന്ന ആളിന്റെ ലൊക്കേഷൻ തിരിച്ചറിയാനുള്ള സംവിധാനവും ആരംഭിക്കുന്നതാണ്. 108ലേക്ക് വിളിക്കുമ്പോൾ വിളിക്കുന്ന ആളിന്റെ ഫോണിലേക്ക് ഒരു മെസേജ് വരും. ആ മെസേജിൽ ക്ലിക്ക് ചെയ്താൽ കൺട്രോൾ റൂമിന് അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങൾ ആ സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലൻസിൽ എത്തുന്നു. ഇതിലൂടെ വഴിതെറ്റാതെ വേഗത്തിൽ സ്ഥലത്തെത്താൻ സാധിക്കുന്നു.
ഓരോ 108 ആംബുലൻസും നിയന്ത്രിക്കുന്നത് പരിചയ സമ്പന്നരായ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും ചേർന്നാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി റെസ്പോൺസ് സെന്ററിലേക്കാണ് 108 ലേക്ക് വരുന്ന ഓരോ വിളികളും എത്തുന്നത്. ഇവിടെ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര്, രോഗിയുടെ വിവരങ്ങൾ, എന്ത് അത്യാഹിതം ആണ് സംഭവിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിച്ച ശേഷം ജി.പി.എസിന്റെ സഹായത്തോടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗിയുടെ അടുത്തുള്ള കനിവ് 108 ആംബുലൻസ് വിന്യസിക്കുന്നതാണ് രീതി.
Post Your Comments