AlappuzhaKeralaNattuvarthaLatest NewsNews

ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു : പ്രതികള്‍ അറസ്‌റ്റില്‍, പിടിയിലായത് അന്തര്‍ ജില്ലാ മോഷ്‌ടാക്കള്‍

തിരുവനന്തപുരം ചിറയന്‍കീഴ്‌ കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്‌ബര്‍ഷാ(45), താമരക്കുളം റംസാന്‍ മന്‍സില്‍ സഞ്‌ജയ്‌ ഖാന്‍(സജേഖാന്‍-38) എന്നിവരാണ്‌ അറസ്റ്റിലായത്

ഹരിപ്പാട്‌: ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച കേസില്‍ പ്രതികള്‍ അറസ്‌റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ്‌ കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്‌ബര്‍ഷാ(45), താമരക്കുളം റംസാന്‍ മന്‍സില്‍ സഞ്‌ജയ്‌ ഖാന്‍(സജേഖാന്‍-38) എന്നിവരാണ്‌ അറസ്റ്റിലായത്. കായംകുളം ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്‌.

ചേപ്പാട്‌ ഉണ്ണി ഭവനത്തില്‍ രാധമ്മ(75)യുടെ രണ്ടു മാലകളാണ്‌ ഇവര്‍ കവര്‍ന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റ് 31-ന്‌ രാധമ്മ വീടിന്‌ മുന്നില്‍ നില്‍ക്കവെ ബൈക്കിലെത്തിയ സംഘം വഴി ചോദിക്കാന്‍ എന്ന വ്യാജേന ഇവരുടെ സമീപം ബൈക്ക്‌ നിര്‍ത്തി വിസിറ്റിങ്‌ കാര്‍ഡ്‌ കാണിച്ച്‌ മേല്‍വിലാസം ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച്‌ കടക്കുകയായിരുന്നു.

അന്വേഷണത്തില്‍ ഇവര്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക്‌ മോഷ്‌ടിച്ചതാണെന്ന്‌ കണ്ടെത്തിയിരുന്നു. കൊട്ടാരക്കരയില്‍ നിന്ന്‌ മോഷ്‌ടിച്ച മറ്റൊരു ബൈക്ക്‌ തൃശൂര്‍ രജിസ്‌ട്രേഷനാക്കി എറണാകുളത്ത്‌ ഉപേക്ഷിച്ചു. അവിടെ നിന്ന്‌ പള്‍സര്‍ ബൈക്ക്‌ മോഷ്‌ടിച്ച്‌ ചേപ്പാട്‌ എത്തി. മോഷണത്തിന്‌ ശേഷം പത്തനംതിട്ടയിലെത്തി ജുവലറിയില്‍ സ്വര്‍ണം വിറ്റു. മൂന്നു പവന്‍ സ്വര്‍ണം വിറ്റു കിട്ടിയ 1,03,000 രൂപ ഇവര്‍ പങ്കിട്ടെടുത്തു. രാത്രി തന്നെ അക്‌ബര്‍ ഷാ തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക്‌ പോയി.

Read Also : നാഷണൽ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്: കോടികളുടെ നിഷ്ക്രിയ ആസ്തി ഏറ്റെടുത്തേക്കും

രാധമ്മയുടെ കൈയില്‍ നല്‍കിയ വിസിറ്റിങ്‌ കാര്‍ഡ്‌ ഡിണ്ടിഗലിലുള്ള സ്‌ഥാപനത്തിന്റേതായിരുന്നു. ഈ കാര്‍ഡാണ്‌ പ്രതികളുടെ തമിഴ്‌നാട്‌ ബന്ധം സംശയിക്കാന്‍ കാരണമായത്‌. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഇവര്‍ പൊലീസ്‌ പിടിയിലായത്‌. മുന്നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും നൂറിലധികം ലോഡ്‌ജുകളും തമിഴ്‌നാട്ടിലെ വിവിധ സ്‌ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടാനായത്‌.

സജേഖാനെ താമരക്കുളത്തുള്ള വാടകവീട്ടില്‍ നിന്നും അക്‌ബര്‍ഷായെ തമിഴ്‌നാട്‌ ഏര്‍വാടിയില്‍ നിന്നും താമരക്കുളത്തേക്ക്‌ വരുന്നതിനിടയിലുമാണ്‌ പിടികൂടിയത്‌. മോഷ്‌ടിച്ച രണ്ടു ബൈക്കുകളും പൊലീസ്‌ കണ്ടെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ രണ്ടും എറണാകുളം, കൊട്ടാരക്കര, ചാത്തന്നൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും ഇവരുടെ പേരിലുണ്ട്‌. വില്‍പന നടത്തിയ സ്വര്‍ണം ഇന്നലെ വൈകിട്ട്‌ ജുവലറിയില്‍ നിന്നും വീണ്ടെടുത്തു.

ഡി.വൈ.എസ്‌.പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ എസ്‌.എച്ച്‌.ഒ എം.സുധിലാല്‍, എസ്‌.ഐ ഷെഫീഖ്‌, എ.എസ്‌.ഐ ഷമ്മിസ്വാമിനാഥന്‍, സി.പി.ഒമാരായ ഗിരീഷ്‌.എസ്‌.ആര്‍, മണിക്കുട്ടന്‍, സജീവ്‌, വിനീഷ്‌, ഇയാസ്‌ ഇബ്രാഹിം, ഷാജഹാന്‍, ദീപക്‌, വിഷ്‌ണു, അരുണ്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്‌ ഇവരെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button