തൃശ്ശൂര്‍: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമവും അസഭ്യവര്‍ഷവും നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍.
തൃശ്ശൂർ കുന്നംകുളം കല്ലുംപുറത്ത് ആണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ യുവതിക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുമെതിരെ അതിക്രമം നടത്തിയത്. യുവതിക്ക് നേരെയുള്ള അതിക്രമം ചോദ്യം ചെയ്തപ്പോൾ ഓട്ടോ ഡ്രൈവറെയും മര്‍ദ്ദിക്കുകയായിരുന്നു. പ്രതികൾ യുവതിയുടെ മൊബൈൽ ഫോണും കവര്‍ന്നെടുത്തു.
യുവതിയുടെ പരാതിയിൽ കേസെടുത്ത കുന്നംകുളം പോലീസ് രണ്ട് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുന്നംകുളം സ്വദേശി റൗഷാദ്, നിഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഒറ്റപ്പാലത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്നു യുവതി. യാത്രാമധ്യേ കല്ലുംപുറം എന്ന സ്ഥലത്ത് വച്ച് ഓട്ടോ ഡ്രൈവര്‍ ഫോണിൽ കോൾ വന്നതിനെ തുടര്‍ന്ന് വണ്ടി നിര്‍ത്തി സംസാരിച്ചു. ഈ സമയം ഇതിലൂടെ ബൈക്കിൽ കടന്നു പോയ രണ്ട് പേര് ഓട്ടോറിക്ഷയുടെ അരികിലെത്തി യുവതിയെ അസഭ്യം പറയുകയും ഓട്ടോയിൽ കയറി യുവതിയെ ലൈംഗീകമായി അതിക്രമിക്കുകയും ചെയ്യുകയായിരുന്നു.
ഇതു തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറേയും രണ്ടും പേരും മര്‍ദ്ദിക്കുകയും യുവതിയേയും ഓട്ടോഡ്രൈവറേയും ഒന്നിച്ചിരുത്തി ഫോട്ടയെടുത്ത ശേഷം ഇവരുടെ മൊബൈൽ ഫോണുകൾ കൂടി തട്ടിയെടുത്ത് പ്രതികൾ സ്ഥലം വിടുകയും ചെയ്തു.
അക്രമത്തിന് ഇരയായ യുവതിയും ഓട്ടോഡ്രൈവറും പിന്നീട് കുന്നംകുളം സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ നൗഷാദ് നേരത്തേയുംഅടിപിടി കേസുകളിലടക്കം പ്രതിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.
Post Your Comments