ടെഹ്‌റാന്‍: ഹിജാബ് വിഷയത്തില്‍ യുവതി കൊല്ലപ്പെട്ടതോടെ, ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവതി മരിച്ച സംഭവത്തിലാണ് ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും പ്രധാന നഗരമായ മാഷാദിലും വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണാധികാരികള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ സ്ത്രീകള്‍ തങ്ങള്‍ ധരിച്ചിരുന്ന ഹിജാബ് വലിച്ചൂരിയെറിഞ്ഞു. ഇതോടെ, പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു.
മരിച്ച മഹ്‌സ അമിനി താമസിച്ചിരുന്ന കുര്‍ദിസ്ഥാനില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അഞ്ഞൂറോളം
പേരാണ് ഞായറാഴ്ച ഈ പ്രദേശത്ത് പ്രതിഷേധവുമായി ഒത്തുകൂടിയത്. ചിലര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ ബൈക്കുകള്‍ കത്തിക്കുകയും ചെയ്തു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി, മഹ്സയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഡിറ്റന്‍ഷന്‍ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനില്‍ മഹ്സ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ഇറാനിലെ ‘സദാചാര പോലീസ്’ ആയ ‘ഗഷ്തെ ഇര്‍ഷാദ്(ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്സയെ കസ്റ്റഡിയില്‍ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.
Post Your Comments