ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവ്വകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞതായി പഞ്ചാബ് പോലീസ്. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നും ഒരു വിദ്യാർത്ഥിനിയുടെ 12 ക്ലിപ്പുകൾ കൂടി കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
സംഭവത്തിൽ മോഹിത് എന്നയാളെയാണ് പോലീസ് തിരിച്ചറിഞ്ഞിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീഡിയോ നിർമ്മിച്ച പെൺകുട്ടി, പെൺകുട്ടിയുടെ കാമുകനായ ഷിംല സ്വദേശി, കാമുകന്റെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കോടതയിൽ ഹാജരാക്കിയ പ്രതികളെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം, ഒരു പെൺകുട്ടിയുടെ വീഡിയോ മാത്രമാണുള്ളതെന്നും തന്റെ കാമുകൻ സണ്ണി മേത്തയ്ക്ക് അയച്ചതാണ് വീഡിയോയെന്നും കസ്റ്റഡിയിലുള്ള പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വീഡിയോകൾ പകർത്തി നൽകിയില്ലെങ്കിൽ വിദ്യാർത്ഥിനിയുടെ സ്വകാര്യ വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് പ്രതിയായ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വർമയും ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തലുണ്ട്.
സംഭവത്തിൽ മേത്തയിൽ നിന്നും സുഹൃത്തിൽ നിന്നും പിടിച്ചെടുത്ത മൂന്ന് മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറുപതോളം പെൺകുട്ടികൾ ഹോസ്റ്റലിൽ കുളിക്കുന്നതിന്റെ വീഡിയോകൾ ചോർന്നതായാണ്, ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെ ആരോപണം. എന്നാൽ, ഒരു വീഡിയോ മാത്രമാണ് പ്രചരിപ്പിച്ചതെന്നാണ് സർവ്വകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
Post Your Comments