തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരം കണ്ടലില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അലക്കിയ വസ്ത്രം ഉണക്കാന്‍ അയ കെട്ടിയിരുന്ന കയര്‍ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. മരിച്ച യുവതിയുടെ മൃതദേഹത്തില്‍ നിന്ന് മാലയും കമ്മലും മൊബൈല്‍ ഫോണും കണ്ടെത്താനായില്ല. തഹസീല്‍ദാരുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടക്കുകയാണ്. അതേസമയം പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Also Read; വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് കനലിൽ ചാടി ജീവനൊടുക്കി
ഇന്നലെയാണ് കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യ ഭര്‍ത്താവ് മരിച്ച വിജി കുറച്ചുനാളായി തമിഴ്‌നാട് സ്വദേശിയായ രങ്കനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. സംഭവശേഷം ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ കാണാനില്ല. രാവിലെ 8.30 ഓടെ ഷിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രങ്കനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
Post Your Comments