KottayamNattuvarthaLatest NewsKeralaNews

വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ചു: യുവാവിന് ദാരുണാന്ത്യം

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിന്റെയും സുമയുടെയും മകന്‍ അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്

ചങ്ങനാശ്ശേരി: വണ്‍വേ തെറ്റിച്ചെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര പുതുപ്പറമ്പില്‍ പ്രദീപിന്റെയും സുമയുടെയും മകന്‍ അഭിഷേക് പ്രദീപ് (20) ആണ് മരിച്ചത്. ഒപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധു വാഴപ്പള്ളി മോര്‍ക്കുളങ്ങര കൊല്ലംപറമ്പില്‍ കെ.പി.വിജയന്റെ (കൊച്ചുമോന്‍) മകന്‍ ശ്രീഹരിയെ (ആരോമല്‍-20) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.പി.വിജയന്‍ മന്ത്രി വി.എന്‍.വാസവന്റെ ഡ്രൈവറാണ്.

വെള്ളിയാഴ്ച രാവിലെ 2.30-ന് കോഴിച്ചന്ത ഭാഗ്യലക്ഷ്മി ജൂവലറിക്ക് മുന്നില്‍ ടി.ബി. റോഡിലായിരുന്നു അപകടം നടന്നത്. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇരുവരെയും ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഭിഷേകിനെ രക്ഷിക്കാനായില്ല.

Read Also : തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ

അപകടത്തിൽ ശ്രീഹരിക്ക് കാലിനും കൈക്കും പരിക്കുണ്ട്. ഇയാൾ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഷേകിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് മോര്‍ക്കുളങ്ങര ആനന്ദാശ്രമം എസ്.എന്‍.ഡി.പി.ശ്മശാനത്തില്‍ നടക്കും. വെല്‍ഡറായിരുന്നു അഭിഷേക്. സഹോദരന്‍: അഖിനേഷ്.

അതേസമയം, അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനും മരണകാരണമായതിനും 279, 338, 304 എ വകുപ്പുകള്‍ പ്രകാരം ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button