മലപ്പുറം: ആളില്ലാത്ത വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം മഞ്ചേരി സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) ആണ് അറസ്റ്റിലായത്. വളാഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തലാണ് ഇയാളുടെ രീതി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും അനിൽ കുമാർ മോഷ്ടിച്ചു.
Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
തുടർന്ന്, മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശാനുസരണം തിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവിയിൽ ലഭിച്ച അവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളെ പൊലീസ് കണ്ടെത്തിയത്.
ഷൊർണൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊർണൂർ ചങ്ങരംകുളം എന്നിവിടങ്ങളിലും മോഷണങ്ങൾ നടത്തിയതായി സമ്മതിച്ചു. 10 ദിവസം മുമ്പ് മാത്രമാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾക്കെതിരെ മുമ്പ് പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പി ഒറ്റപ്പാലം, ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്, നല്ലളം, എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments