മുംബൈ: ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഷമി സ്റ്റാന്‍ഡ് ബൈ താരമായെങ്കിലും ടീമിലെത്തി. മാത്രമല്ല ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയിലും ഷമിയെ ഉള്‍പ്പെടുത്തി. എന്നാല്‍, ഒരു ടീമിലും സഞ്ജുവിന് ഇടംനേടാനായില്ല.
ഇപ്പോഴിതാ, എന്തുകൊണ്ട് ഷമിയെ പറത്താക്കിയെന്ന ചോദ്യം ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ‘ഞാനായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ഷമി ഉറപ്പായും ടീമില്‍ ഉണ്ടാവുമായിരുന്നു. ബൗണ്‍സും പേസുമുള്ള ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്. തുടക്കത്തിലേ തന്നെ വേഗമേറിയ പന്തുകളിലൂടെ വിക്കറ്റ് നേടാന്‍ ഷമിക്ക് കഴിയും. ഹര്‍ഷൽ പട്ടേലിന് പകരം ഷമിയെ ഉള്‍പ്പെടുത്താമായിരുന്നു. ഹര്‍ഷല്‍ മികച്ച ബൗളറാണെന്നുള്ളതില്‍ സംശയമില്ല’.
‘പക്ഷേ, ഷമിയാണ് യോജിച്ച താരം. ഷമി ടെസ്റ്റിലും ചിലപ്പോള്‍ ഏകദിനങ്ങളിലും മാത്രമാണ് കളിക്കുന്നത്. എന്നാല്‍, ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷമിക്ക് സാധിച്ചിരുന്നു. അതുകൊണ്ട് ഷമി ടീമില്‍ വേണമായിരുന്നു’ ശ്രീകാന്ത് പറഞ്ഞു. പേസര്‍മാരായ ജസ്പ്രിത് ബുമ്ര, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍.
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ , യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.
സ്റ്റാൻഡ്ബൈ താരങ്ങൾ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, ദീപക് ചാഹർ.
Post Your Comments