Latest NewsKeralaNews

കെ സി വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങൾ പുച്ഛിച്ച് തള്ളും: സിപിഎം

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുമായി സഹകരിച്ചാണ് സിപിഐഎം പ്രവർത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിൽ ബിജെപിക്കും സംഘപരിവാറിന്റെ നീക്കങ്ങൾക്കും എതിരായി ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഐഎം ആണെന്നത് ഏവർക്കും അറിയാവുന്നതാണെന്ന് സിപിഎം വ്യക്തമാക്കി.

Read Also: പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു : ഹരീഷ് പേരടി

കഴിഞ്ഞ 6 വർഷ കാലയളവിനുള്ളിൽ 17 സഖാക്കളാണ് കേരളത്തിൽ ആർഎസ്എസിന്റെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ചത്. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ്വൽക്കരണത്തിന്റെ അമിതാധികാര വാഴ്ചയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഐഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ബിജെപി അജണ്ടകൾക്ക് എല്ലാ ഒത്താശകളും നൽകുകയാണ് കോൺഗ്രസ്സ് ചെയ്തതെന്നും സിപിഎം വിമർശിച്ചു.

കേന്ദ്ര ഏജൻസികൾ തെറ്റായ വഴികളിലൂടെ എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയപ്പോൾ അതിന് ഓശാന പാടുകയാണ് കോൺഗ്രസ്സ് ചെയ്തത്. ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിൽ ഒന്നാണ്. നിയമസഭയിൽ പോലും ശക്തമായ നിലപാട് ബിജെപിക്കെതിരെ സ്വീകരിക്കാൻ ഒരിക്കലും കോൺഗ്രസ്സ് തയ്യാറായിട്ടില്ല. ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടകളെ തുറന്ന് എതിർക്കുന്നതിനും കോൺഗ്രസ്സ് തയ്യാറായിട്ടില്ല. കേരളത്തിൽ ബിജെപിക്ക് നേരത്തെ അക്കൗണ്ട് തുറക്കാനായത് കോൺഗ്രസ്സ് പിൻബലത്തോടെയാണെന്നത് കേരള രാഷ്ട്രീയം മനസ്സിലാക്കുന്ന ആർക്കും വ്യക്തമാകുന്നതാണ്.

സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന കേരളത്തിലെ കോൺഗ്രസ്സ് നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടൽ നടത്തുകയാണ് അടിയന്തിരമായി വേണ്ടത്. വസ്തുത ഇതായിരിക്കെ കെ സി വേണുഗോപാൽ ഇപ്പോൾ നടത്തുന്ന പ്രസ്താവന ബിജെപിയുമായുള്ള കോൺഗ്രസ്സിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തെ മറിച്ചുവെക്കാനാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.

Read Also: പാഠ്യപദ്ധതി പരിഷ്‌കരണം വിശ്വാസികളുടെ ആശങ്ക പരിഹരിച്ച് നടപ്പിലാക്കും: കാന്തപുരത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button