
കൊല്ലം: മുൻവൈരാഗ്യം മൂലം മധ്യവയസ്കനെയും ഭാര്യയെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച പ്രതി കൊട്ടിയം പൊലീസിന്റെ പിടിയിലായി. മൈലക്കാട് ശിവൻ നട പടിഞ്ഞാറ്റതിൽ ശങ്കു എന്ന ബൈജു (50) ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 ഓടെ രഘുരാജനും ഭാര്യയും ഭാര്യാസഹോദരന്റെ വീട്ടിൽ നിന്നും മടങ്ങി വരുന്ന വഴിക്ക് പ്രതി ഇവരെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മൈലക്കാട് സ്വദേശിയായ രഘുരാജനും പ്രതിയായ ബൈജുവും തമ്മിൽ കുറെക്കാലമായി വാക്ക് തർക്കവും സംഘർഷവും നിലനിന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം അക്രമത്തിലേക്ക് നയിച്ചത്.
Read Also : മുടി കരുത്തോടെ വളരാൻ കറിവേപ്പില ഇങ്ങനെ ഉപയോഗിക്കൂ
ഇരുമ്പു പൈപ്പ് കൊണ്ട് ആക്രമിച്ചതിൽ തലക്കും തോളെല്ലിനും മാരകമായി പരിക്ക് പറ്റിയ രഘുരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച രഘുരാജന്റെ ഭാര്യയേയും പ്രതി ചവിട്ടി താഴെയിട്ട് മർദ്ദിക്കുകയായിരുന്നു. കൊട്ടിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ ജിംസ്റ്റെൽ എം.സി യുടെ നേതൃത്വത്തിൽ എസ്ഐ ഷിഹാസ്, സിപിഒമാരായ പ്രവീണ്‍ ചന്ദ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments