
അബുദാബി: സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളിൽ ഏർപ്പെടാൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപീകരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ പൊതു സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക, തന്ത്രപ്രധാന പദ്ധതികളിൽ പങ്കാളിയാക്കുക, പ്രാദേശിക, രാജ്യാന്തര പദ്ധതികളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
കോവിഡിന്റെ പ്രത്യാഘാതങ്ങളെ രാജ്യം മറികടന്നത് എങ്ങനെയെന്ന് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. കോവിഡിന് ശേഷം ആഗോള വ്യാപാരം ഇതുവരെ ശക്തിപ്പെട്ടില്ലെങ്കിലും യുഎഇയുടെ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ വിദേശ വ്യാപാരം 2022 ന്റെ ആദ്യ പകുതിയിൽ ഒരു ട്രില്യൺ ദിർഹം കവിഞ്ഞു. കോവിഡിന് മുൻപ് 840 ബില്യൺ ദിർഹമായിരുന്നു. ഊർജം, വാണിജ്യ, വ്യാപാര, നിക്ഷേപം തുടങ്ങി എല്ലാ മേഖലകളിലും വളർച്ച രേഖപ്പെടുത്തി.
Post Your Comments