തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി എ.എൻ ഷംസീറും യു.ഡി.എഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിച്ചു. ഷംസീറിന് 96 വോട്ട് ലഭിച്ചു. അൻവർ സാദത്തിന് 40 വോട്ട് കിട്ടി. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.
പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. പുതിയ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും അഭിനന്ദിച്ചു. സഭയ്ക്ക് പൊതുവെ യുവത്വം ഉണ്ടെന്നും, ആ പ്രായത്തിലുള്ള ഒരാൾ സ്പീക്കറാകുമ്പോൾ പ്രസരിപ്പ് ഉണ്ടാവുമെന്നും തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹം ഷംസീറിന് എല്ലാ വിധ ആശംസകളും നേർന്നു.
‘സഭയുടെ ചരിത്രത്തിൽ സ്പീക്കർമാരുടേത് മികവാർന്ന പാരമ്പര്യമാണുള്ളത്. പ്രായത്തെ കടന്നു നിൽക്കുന്ന പക്വത ഷംസീറിനുണ്ട്. സഭയുടെ സമസ്ത മേഖലയിലും ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ഉണ്ടാകും. സ്പീക്കറുടെ ഉത്തരവാദിത്വം ഗവണ്‍മെന്റ് ബിസിനസുകള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കലുമാണ്. സഭയ്ക്ക് പൊതുവെ യുവത്വം ഉണ്ട്. ആ പ്രായത്തിലുള്ള ഒരാൾ സ്പീക്കറാകുമ്പോൾ പ്രസരിപ്പ് ഉണ്ടാകും. സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന്‍ കഴിയുന്ന തരത്തിലേക്ക് ഉയരാന്‍ ഷംസീറിന് കഴിയട്ടെ’, പിണറായി വിജയൻ പറഞ്ഞു.
Post Your Comments