ഛണ്ഡീഗഢ്: ഹരിയാനയിലെ മഹേന്ദർഗഡ്, സോനിപത് ജില്ലകളിൽ വെള്ളിയാഴ്ച വൈകുന്നേരം ഗണേശ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിനിടെ ആറ് പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന അപകടത്തിലാണ് ആറ് പേരുടെ മരണം. സോനിപത്തിലെ യമുന നദിയില്‍ രണ്ട് പേരും മഹേന്ദര്‍ഗഡിലെ കനാലില്‍ നാല് പേരുമാണ് മുങ്ങി മരിച്ചത്. സിവിൽ സർജൻ ഡോ. അശോക് കുമാർ ആണ് മരണം സ്ഥിരീകരിച്ചത്.
മഹേന്ദര്‍ഗഡിൽ ഏഴടിയോളം ഉയരമുള്ള ഗണേശ വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോള്‍ യുവാക്കള്‍ വെള്ളക്കെട്ടില്‍ ഒലിച്ചുപോകുകയായിരുന്നു. ജില്ലാ ഭരണകൂടം എൻഡിആർഎഫിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചെങ്കിലും നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്.
സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു. 10 ദിവസത്തെ ഗണേശോത്സവം സമാപിച്ചതിനാൽ വെള്ളിയാഴ്ച നിരവധി ഗണേശ വിഗ്രഹങ്ങൾ നദികളിലും കനാലുകളിലും മറ്റ് ജലാശയങ്ങളിലും നിമജ്ജനം ചെയ്തു.
Post Your Comments