പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്ത സൂര്യയെ ഭർത്താവും ഭർതൃമാതാവും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് സൂര്യയുടെ വീട്ടുകാർ. ഭർതൃവീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നത് സൂര്യ ആയിരുന്നു. കൈക്കുഞ്ഞിനെ എടുത്ത് കൊണ്ട് വേണം എല്ലാ ജോക്കികളും ചെയ്യാൻ. കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനെ എടുക്കണം. പയ്യന്നൂർ കരിവള്ളൂർ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ ബെഡ്‌റൂമിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു സൂര്യയെ കണ്ടെത്തിയത്.
അതേസമയം, യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ജനുവരിയിൽ ആണ് സൂര്യയും രാഗേഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രാഗേഷും അമ്മയും സൂര്യയെ പീഡിപ്പിക്കുമായിരുന്നു എന്നാണ് പരാതി. കുഞ്ഞ് ഉണ്ടായതിന് ശേഷവും പീഡനം തുടർന്നു. കുഞ്ഞിനെ നോക്കാൻ പോലും ആരും സഹായിക്കുമായിരുന്നില്ല.
ഭർത്താവിന്റെ വീട്ടിൽ താനനുഭവിക്കുന്നത് ഓണത്തിന് വീട്ടിലേക്ക് വരുമ്പോൾ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകൾ സൂര്യയുടെ ഫോണിലുണ്ടെന്നും അമ്മ പറഞ്ഞു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവിന്‍റെയും അമ്മയുടെയും സമ്മതമില്ലാതെ സ്വന്തം വീട്ടിൽ പോകാനോ വീടിന് പുറത്തിറങ്ങാനോ സൂര്യയ്ക്ക് അനുവാദമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്. രാഗേഷും അമ്മ ഇന്ദിരയും സൂര്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചു. പലപ്പോഴും ഭക്ഷണം പോലും കൊടുത്തില്ലെന്നും സൂര്യയുടെ വീട്ടുകാർ ആരോപിക്കുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ വിഷമഘട്ടത്തിൽ, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നില്ലെന്ന ആശങ്കയുണ്ടായാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.
Post Your Comments