കൊളംബോ: വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയത്തിനു ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കൊളംബോ. ചികിത്സാ വിസയ്ക്കായി നിത്യാനന്ദ ശ്രീലങ്കന്‍ വിദേശാകാര്യമന്ത്രാലയത്തെ സമീപിച്ചുവെന്ന തരത്തില്‍ ഇന്ത്യയിലെ ഏതാനും മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് ശ്രീലങ്കയുടെ
വിശദീകരണം. ഇതുവരെ അത്തരം അപേക്ഷ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ നിയമനടപടി ഭയന്ന് ഏതാനും വര്‍ഷങ്ങളായി ഇക്വഡോര്‍ തീരത്തെ ഒരു ദ്വീപിലാണ് നിത്യാനന്ദ കഴിയുന്നത്. ശ്രീകൈലാസം എന്ന പേരിലുള്ള ദ്വീപ് സ്വതന്ത്രരാജ്യമാണെന്നാണു നിത്യാനന്ദയുടെ വാദം. ശ്രീകൈലാസ എന്ന രാജ്യത്തിന്റെ പേരിലാണ് മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 7ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെക്ക് തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി നിത്യാനന്ദ കത്ത് എഴുതിയതായാണ് റിപ്പോര്‍ട്ട്. നിത്യാനന്ദയുടെ ശ്രീകൈലാസത്തിലെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ പരിമിതികളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്. കത്തില്‍ നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്നും ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments