പാറശാല: കൊല്ലം കൊട്ടിയത്ത് വീട്ടില്‍ കയറി പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് ഒമ്പത് പേരടങ്ങുന്ന സംഘം. ക്വട്ടേഷൻ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന. സംഘത്തിലെ ഒരാൾ മാത്രമാണ് മലയാളം സംസാരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് ആണ് സംഘം പതിനാല് വയസുകാരനായ ആഷികിനെ തട്ടിക്കൊണ്ടുപോയത്.
ആഷികിനെ പാറശാലയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടു പോകവെ കാറില്‍വെച്ച് സംഘം നിര്‍ബന്ധിച്ച് ആഷികിന് ഗുളികകള്‍ നല്‍കിയിരുന്നു. തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്. കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ പോലീസ് ശക്തമായി അന്വേഷിച്ചു. ഒടുവിൽ പാറശാലയിൽ നിന്ന് ബോധരഹിതനായ നിലയിൽ ആഷികിനെ കണ്ടെത്തി.
ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സംഘം ദിവസങ്ങളോളം കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്ത് കുട്ടിയെ നിരീക്ഷിച്ചിരുന്നു. കാറിൽ കറങ്ങിയ സംഘം കുട്ടിയേയും കുട്ടിയുടെ വീടും പരിസരവും ദിവസങ്ങളോളം നിരീക്ഷിച്ചു. പിടിയിലായ ബിജുവും മറ്റൊരാളും പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. താന്‍ വാടക ഗുണ്ടയാണെന്നും സംഘത്തിലെ മറ്റാളുകളെ കുറിച്ചുള്ള വിവരങ്ങളും, തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ഉദ്ദേശവും അറിയില്ലെന്നുമാണ് പിടിയിലായ ബിജു പൊലീസിനോട് പറഞ്ഞത്.
Post Your Comments