ന്യൂഡൽഹി: ഡൽഹിയിലെ സുപ്രധാന പാതയായ രാജ്പഥിൻ്റെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. രാജ്‍പഥിന് കർത്തവ്യപഥ് എന്ന് പേരിടാനാണ് നീക്കം. ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ സെപ്റ്റംബർ ഏഴിനു ചേരുന്ന പ്രത്യേക യോഗത്തിൽ രാജ്‍പഥിന് പുതിയ പേര് നൽകും. പേര് മാറ്റൽ പ്രചാരണത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. നവീകരിച്ച രാജ്പഥും സെൻട്രൽ വിസ്ത ലോണും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേരുമാറ്റം.
ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഇടയിലൂടെ രാഷ്ട്രപതി ഭവന്റെ മുമ്പിൽ നിന്ന് തുടങ്ങി വിജയ് ചൗക്കിലൂടെ നീങ്ങി ഇന്ത്യ ഗേറ്റ് വഴി നാഷണൽ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതാണ് രാജ്‌പഥ്. പാതയുടെ അടുത്തായാണ് പാർലമെന്റ് മന്ദിരം. ഇതോടെ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള പാതയുടെ പേര് ഇനി കർത്തവ്യപഥ് എന്ന് അറിയപ്പെടും. കൊളോണിയൽ സ്വാധീനം ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
നേരത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന റോഡിൻ്റെ പേരും മാറ്റിയിരുന്നു. റേസ് കോഴ്സ് റോഡിന് ലോക് കല്യാൺ മാർഗ് എന്നായിരുന്നു പുനർനാമകരണം ചെയ്തത്. രാജ്യത്തെ കൊളോണിയൽ സ്വാധീനം ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി നാവികസേനയുടെ പതാകയിൽ നിന്നും സെൻ്റ് ജോർജ് ക്രോസ് ഒഴിവാക്കിയിരുന്നു. പകരം ഛത്രപതി ശിവജിയുടെ രാജമുദ്ര, നങ്കൂരം തുടങ്ങിയ ഉൾപ്പെടുത്തിയാണ് പുതിയ പതായ പുറത്തിറക്കിയത്.
Post Your Comments