കോട്ടയം: കെട്ടിട നിര്‍മാണത്തിനിടെ വാർക്ക തട്ടിടിഞ്ഞു വീണ് അഞ്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ബീഹാര്‍ സ്വദേശികളായ നാഗേന്ദ്രന് (40), ധനഞ്ജയ് (19), ഛത്തീസ്ഗഡ് സ്വദേശികളായ വിശ്വനാഥ് (28), വിജയ് (25), ബുധന്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30-നു പള്ളം ഇരുപത്തെട്ടുകവലയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോണ്‍ക്രീറ്റിംഗ് ജോലികള്‍ നടക്കുകയായിരുന്നു.
Read Also : കൊൽക്കത്തയിൽ നിന്നും ടെൽക്കിനെ തേടിയെത്തിയത് കോടികളുടെ ഓർഡർ
ഈ ജോലിക്കിടെ കോണ്‍ക്രീറ്റിംഗിനായി തയ്യാറാക്കിയ തട്ട് ഇടിഞ്ഞു വീണ് അഞ്ച് പേരും താഴേക്കു വീഴുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനജ്ഞയ്, നാഗേന്ദ്രന് എന്നിവരുടെ പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന്, അഞ്ച് പേരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Post Your Comments