CricketLatest NewsNewsSports

മുഷ്‌ഫീഖുര്‍ റഹീം രാജ്യാന്തര ടി20യില്‍ നിന്ന് വിരമിച്ചു

ദുബായ്: രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ മുഷ്‌ഫീഖുര്‍ റഹീം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് മുഷ്‌ഫീഖുര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ബംഗ്ലാദേശ് ടീമിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും മുഷ്‌ഫീഖുര്‍ റഹീം വ്യക്തമാക്കി.

ഇതോടെ അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ മുഷ്‌ഫീഖുര്‍ കളിക്കില്ലെന്ന് ഉറപ്പായി. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരം തുടര്‍ന്നും കളിക്കും. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ ഇടംപിടിക്കാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോറ്റ ബംഗ്ലാദേശ് രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോടും തോറ്റ് ടൂര്‍ണമെന്‍റിൽ നിന്ന് പുറത്തായിരുന്നു.

ടൂര്‍ണമെന്‍റിലെ രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് തിളങ്ങാന്‍ മുഷ്‌ഫീഖുര്‍ റഹീമിനായില്ല. 4, 1 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ഇതാണ് രാജ്യാന്തര ടി20യില്‍ നിന്ന് ഉടനടി വിരമിക്കാന്‍ മുപ്പത്തിയഞ്ചുകാരനായ താരത്തെ പ്രേരിപ്പിച്ചത്. ലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ക്യാച്ച് പാഴാക്കിയത് വിമര്‍ശിക്കപ്പെടുകയും ചെയ്തു.

2019 നവംബറിന് ശേഷം രണ്ട് അര്‍ധ സെ‍ഞ്ചുറികളെ താരത്തിനുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പില്‍ എട്ട് ഇന്നിംഗ്‌സില്‍ 113.38 സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സാണ് നേടിയത്. പിന്നാലെ പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രാജ്യാന്തര ടി20യില്‍ മോശം പ്രകടനമാണ് മുഷ്‌ഫീഖുര്‍ റഹീം കാഴ്‌ചവെക്കുന്നത്.

Read Also:- രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ നെല്ലിക്ക!

ടീമിലെ സ്ഥാനം ചോദ്യ ചിഹ്‌നമായതോടെ മുഷ്‌ഫീഖുര്‍ റഹീമിനെ ലോകകപ്പ് പദ്ധതികളില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കും എന്ന് സൂചനകളുണ്ടായിരുന്നു. ലോകകപ്പിന് മുമ്പ് ഈ മാസാവസാനം ന്യൂസിലന്‍ഡിലേക്ക് ത്രിരാഷ്‌ട്ര പരമ്പരയ്‌ക്ക് പോകുന്നുണ്ട് ബംഗ്ലാദേശ് ടീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button