KeralaLatest NewsNews

കേരളത്തിന്റേത് ജനപക്ഷ നിലപാടുകളുള്ള മഹത്തായ നിയമനിർമാണസഭ: എം ബി രാജേഷ്

തിരുവനന്തപുരം: ജനപക്ഷ നിലപാടുകളോടെ നിയമനിർമാണം കാര്യക്ഷമമായി നടത്തുന്ന മഹത്തായ നിയമസഭയാണ് കേരളത്തിന്റേതെന്ന് മുൻ സ്പീക്കർ എം.ബി. രാജേഷ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറിയ ശേഷം നിയമസഭ ചേംബറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 മാസമായി സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനം വലിയ അനുഭവവും പാഠവുമായിരുന്നു. ഒരുപാട് കാര്യങ്ങൾ ഈ കാലയളവിൽ പഠിക്കുവാൻ കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഓ​ണം സ്‌​പെ​ഷ്യല്‍ ഡോ​ര്‍ ഡെ​ലി​വ​റി’ : 65 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി ര​ണ്ടുപേ​ര്‍ അറസ്റ്റിൽ

ഇന്ത്യയിലെ മറ്റേതു നിയമനിർമാണ സഭകളുമായി താരതമ്യം ചെയ്യുമ്പോഴും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. സ്പീക്കറായിരുന്ന കാലയളവിൽ 83 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ മാത്രം 61 ദിനങ്ങൾ നിയമസഭ സമ്മേളിച്ചു. ഇത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതലാണ്. പാർലമെന്റ് സമ്മേളിച്ച ദിനങ്ങൾ കേരളത്തിനെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. സ്പീക്കർ കാലയളവിൽ 65 നിയമങ്ങൾ പാസാക്കാൻ കഴിഞ്ഞു. ആദ്യഘട്ടത്തിൽ സമയക്രമത്തിൽ നിബന്ധന പാലിച്ചപ്പോൾ സാമാജികർക്ക് അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ സമയബന്ധിതമായി സഭാ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചതോടെ ഉദ്ദേശ്യലക്ഷ്യം എല്ലാവർക്കും ബോധ്യമായി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇക്കാലയളവിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

സർക്കാർ നടപടികൾ പൂർത്തിയാക്കുക എന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കാനും അവസരം നൽകിയിട്ടുണ്ട്. സഭാ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രി, അതോടൊപ്പം പ്രതിപക്ഷനേതാവ് ഡെപ്യൂട്ടി സ്പീക്കർ, മുൻ പ്രതിപക്ഷനേതാവ് അടക്കമുള്ളവർ മികച്ച പിന്തുണയാണ് ഈ കാലയളവിൽ നൽകിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടത്തിയ വിമൻ ലെജിസ്ളേറ്റിവ് കൗൺസിൽ അർത്ഥപൂർണ്ണമായ പരിപാടിയായിരുന്നു. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെയും ലോക്സഭാ സ്പീക്കറുടെയുമടക്കം അഭിനന്ദനങ്ങൾ ഈ പരിപാടിക്ക് ലഭിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചരിത്ര പ്രദർശനത്തിൽ 6,000 പേർ പങ്കെടുത്തു. ഇന്ത്യ എന്ന ആശയം രൂപപ്പെട്ടത് എങ്ങനെ എന്നതായിരുന്നു പ്രദർശനത്തിന്റെ വിഷയം. സ്വാതന്ത്ര്യത്തിലൂടെ മതനിരപേക്ഷതയിലേക്ക് രാജ്യം മാറിയ സംഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം 140 നിയോജക മണ്ഡലങ്ങളിലും നടത്തുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ഓറിയന്റേഷൻ പ്രോഗ്രാം സെപ്തംബർ 19ന് നടക്കും. ലൈബ്രറി, മ്യൂസിയം എന്നിവയുടെ നവീകരണവും പമ്പ ബ്ലോക്കിന്റെ നിർമ്മാണവും ഈ കാലയളവിൽ ആരംഭിച്ചു. മാധ്യമ പ്രവർത്തകരും പൊതുജനങ്ങളുമടക്കമുള്ളവർ നൽകിയ സഹകരണത്തിന് എം ബി രാജേഷ് നന്ദി അറിയിച്ചു.

Read Also: അത്യാധുനിക സൗകര്യങ്ങളോടെ 9 നിലകളിലായി ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്‍ ഒരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button