KeralaLatest NewsNews

സാമുവലും മരുകേശനും കൊല്ലപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ? കേരള പൊലീസിന് തലവേദനയായി യുവാക്കളുടെ തിരോധാനം

ഭൂമിക്കടിയിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താന്‍ ശേഷിയുള്ള നായകളുമായി രണ്ടു തവണ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല

പാലക്കാട്: മുതലമട ചപ്പക്കാട് ലക്ഷംവീട് കോളനിയിലെ യുവാക്കളായ സാമുവല്‍ (സ്റ്റീഫന്‍ – 28), അയല്‍വാസിയായ സുഹൃത്ത് മുരുകേശന്‍ (28), എന്നിവരെ കാണാതായിട്ട് ആഗസ്റ്റ് 30ന് ഒരു വര്‍ഷം കഴിഞ്ഞു. അവര്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ആര്‍ക്കും അറിയില്ല.

Read Also; ജന്മദിനാഘോഷം കഴിഞ്ഞ് 5 വയസുകാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത: ഭക്ഷണത്തില്‍ വിഷാംശം ഉള്ളതായി സംശയം

ചപ്പക്കാട്ടെ തോട്ടത്തിന്റെ കാവല്‍ക്കാരനായ സാമുവല്‍ അമ്മ പാപ്പാത്തിയെ കണ്ടതിനുശേഷം സുഹൃത്ത് മുരുകേശനൊപ്പം തോട്ടത്തിലേക്കു പോയെന്നു മാത്രമാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അറിയാവുന്നത്. പിന്നീടാരും അവരെ കണ്ടിട്ടില്ല. ഇവര്‍ക്കെന്താണ് സംഭവിച്ചതെന്നുപോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പറയാനാകുന്നില്ല.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷിച്ചിട്ടും കാണാതായ യുവാക്കളെ സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായ ദിവസം സാമുവല്‍ ജോലിചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടത്തിന്റെ ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാര്‍ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സാമുവലിന്റെ ഫോണ്‍ അന്നുരാത്രി 10.30 മുതല്‍ ഓഫായിരുന്നു. അതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു.

പൊലീസ് നായ അവസാനമായി സാമുവലിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിച്ച സ്വകാര്യതോട്ടത്തിലെ ഷെഡിന് സമീപത്തെത്തിയത് സംശയമുണര്‍ത്തിയിരുന്നു. എന്നാല്‍, യുവാക്കളെ കാണാതായ രാത്രിയിലും പൊലീസ് നായ വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പും മഴ പെയ്തിരുന്നതിനാല്‍ നായയെ ഉപയോഗിച്ചുള്ള പരിശോധനയും വിഫലമായി.

സ്വകാര്യതോട്ടങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും വനം വകുപ്പ്- അഗ്നിശമനസേന, നാട്ടുകാര്‍ എന്നിവരൊത്ത് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തി. എന്നാല്‍ എല്ലാ അന്വേഷണങ്ങളും വിഫലമാകുകയായിരുന്നു.

ഇരുവരെയും കാണാതായി 60-ാം ദിവസം കേസ് അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്നത്തെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും നിലവില്‍ ചിറ്റൂര്‍ ഡിവൈ.എസ്.പിയുമായ സി.സുന്ദരന്റെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണം നടന്നത്. കേസിന്റെ ഭാഗമായി 300 ലധികം പേരെ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തെങ്കിലും ചില സൂചനകള്‍ക്കപ്പുറം കാര്യമായ തെളിവുകള്‍ യാതൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

ബഹുമുഖ അന്വേഷണം നടത്തിയിട്ടും യുവാക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് പറയാന്‍ കഴിയാത്തത് അന്വേഷണ സംഘത്തിന് വലിയ തലവേദനയായിരിക്കുകയാണ്. യുവാക്കളുടെ തിരോധാനത്തില്‍ കേസെടുത്തതു മുതല്‍ ജില്ലയിലെ വിദഗ്ധരായ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഈ കേസിന്റെ ഭാഗമായിട്ടുണ്ട്. ചപ്പക്കാട് വിട്ട് ഇവര്‍ പോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ തുടങ്ങിയ അന്വേഷണം പിന്നീട് സംസ്ഥാന അതിര്‍ത്തിക്ക് അപ്പുറവും എത്തിയിരുന്നു. പ്രദേശത്തെ നീര്‍ച്ചാലുകളിലെ മണ്ണുനീക്കിയും കൊക്കര്‍ണിയിലെ വെള്ളം വറ്റിച്ചും തുടരെത്തുടരെ പരിശോധനകള്‍ നടന്നു. എന്‍.എസ്.ജി ഭീകര വിരുദ്ധദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിക്കടിയിലെ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താന്‍ ശേഷിയുള്ള ബെല്‍ജിയന്‍ മാലിനോസ് വിഭാഗത്തില്‍പെട്ട നായകളുമായി രണ്ടു തവണ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button