Latest NewsNewsInternational

ഷമീമ ബീഗത്തെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിൽ എത്തിച്ചത് കനേഡിയൻ ഇന്റലിജൻസോ? പുതിയ പുസ്തകം പുറത്ത്

ലണ്ടൻ: ഐ.എസ് ഭീകരൻ്റെ വധുവാകാനായി യു.കെയിൽ നിന്ന് നാടുവിട്ട ഷമീമ ബീഗത്തെ സിറിയയിൽ എത്തിച്ചത് കനേഡിയൻ ഇന്റലിജൻസ് ആണെന്ന് റിപ്പോർട്ടുകൾ. ഐ.എസ് എന്ന ഭീകര സംഘടന പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളെ അടിവരയിടുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. പത്രപ്രവർത്തകനായ റിച്ചാർഡ് കെർബാജ് പുറത്തിറക്കിയ ‘ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി ഫൈവ് ഐസ്’ എന്ന പുസ്തകത്തിലാണ് അതിപ്രധാനമായ വിവരങ്ങളുള്ളത്.

ഷമീമ ബീഗത്തെയും ബെത്‌നാൽ ഗ്രീനിൽ നിന്നുള്ള അവളുടെ രണ്ട് സുഹൃത്തുക്കളെയും കനേഡിയൻ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരൻ സിറിയയിലേക്ക് കടത്തുകയും, ബ്രിട്ടീഷ് പോലീസ് പിന്നീട് കാനഡയുമായി ഗൂഢാലോചന നടത്തി അതിന്റെ പങ്ക് മറച്ചുവെക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ അവകാശപ്പെടുന്നു. ഐ.എസിനും കനേഡിയൻ ഇന്റലിജൻസിനും വേണ്ടി പ്രവർത്തിക്കുന്ന ഇരട്ട ഏജന്റായ ആളാണ് കൗമാരക്കാരെ സിറിയയിലേക്ക് കടത്തിയതെന്ന് സ്‌കോട്ട്‌ലൻഡ് യാർഡ് പറഞ്ഞു.

കാണാതായ ഷമീമ ബീഗം, അമീറ അബേസ്, ഖദീജ സുൽത്താന എന്നിവർക്കായി മെട്രോപൊളിറ്റൻ പോലീസ് അന്താരാഷ്ട്ര തലത്തിൽ തിരച്ചിൽ നടത്തുമ്പോൾ, കാനഡയ്ക്ക് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നാണ് പുസ്തകത്തിൽ ആരോപിക്കുന്നത്. മൂവരുടെയും മിസ്സിംഗിനെ കുറിച്ച് കൃത്യമായ വിവരം അറിഞ്ഞിട്ടും കാനഡ ഇവർക്ക് വേണ്ടി മൗനം പാലിച്ചുവെന്നും, ലോകത്തിന്റെ കണ്ണിൽ പൊടിയിടാനായി അന്വേഷണത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ.

വിവരങ്ങൾ പുറംലോകം അറിയുമെന്ന് ഭയപ്പെട്ട കാനഡ തങ്ങളുടെ പങ്കാളിത്തം സ്വകാര്യമായി സമ്മതിക്കുകയും, പിന്നീട് തങ്ങളുടെ പങ്ക് മറച്ചുവെക്കാൻ ബ്രിട്ടീഷുകാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പുസ്തകം അവകാശപ്പെടുന്നു. ഷമീമ ബീഗത്തെയും അവളുടെ കൗമാരക്കാരായ രണ്ട് സുഹൃത്തുക്കളെയും കാനഡയിൽ ജോലി ചെയ്യുന്ന ഒരു ചാരൻ സിറിയയിലേക്ക് കടത്തുകയായിരുന്നുവെന്ന വെളിപ്പെടുത്തൽ പാശ്ചാത്യ രാജ്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.

ഒരു പാശ്ചാത്യ ഇന്റലിജൻസ് ഓഫീസർ ബീഗത്തെ തീവ്രവാദിയുടെ വധുവാകാൻ ആവശ്യമായ സഹായം നൽകി. അവളുടെ ബസ് ടിക്കറ്റുകൾ പോലും സംഘടിപ്പിച്ചത് ഇയാളായിരുന്നു. യു.കെയിലേക്ക് മടങ്ങുന്നതിൽ നിന്ന് അവരെ വിലക്കാനുള്ള തീരുമാനം ശരിവച്ച കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി വിധിയിൽ, ബീഗം എങ്ങനെയാണ് സിറിയയിലേക്ക് പോയതെന്ന് സംബന്ധിച്ച ‘രഹസ്യ’ വിവരങ്ങൾ ബ്രിട്ടീഷ് അധികാരികൾ വെളിപ്പെടുത്തിയിരുന്നില്ല.

പുസ്തകം പുറത്തുവന്നതോടെ ജിഹാദി വധു എന്ന് വിളിക്കപ്പെടുന്ന ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം 2019 ൽ എടുത്തുകളഞ്ഞ നടപടിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ഇപ്പോൾ 23 വയസ്സുള്ള ബീഗം വടക്കൻ സിറിയയിലെ ഒരു ക്യാമ്പിൽ തുടരുകയാണ്. നവംബറിൽ സ്പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽ കമ്മീഷനിൽ കേസ് പുതുക്കേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരിൽ വിചാരണ നേരിടേണ്ട അവസ്ഥയിലാണ് ഷമീമ ഉള്ളത്. തന്നെ പ്രാദേശിക കോടതിയിൽ വിചാരണ ചെയ്തേക്കുമെന്നും ഒരുപക്ഷെ വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്നും ഷമീമ ബീഗം പ്രതികരിച്ചതായി യു.കെ മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button