തിരുവനന്തപുരം: ശാരീരിക പ്രശ്നങ്ങൾ മൂലം വലഞ്ഞ ശ്യാം എന്ന യുവാവിന് ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് ശേഷവും സർക്കാർ സഹായം ലഭിച്ചില്ല. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ.
പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്നും സൗജന്യചികിത്സാ പ്രഖ്യാപനം ഇല്ലാതാക്കിയത് ശ്യാമിന് കിട്ടേണ്ടിയിരുന്ന വ്യക്തിപരമായ സഹായമാണെന്നും ശ്രീജിത്ത് പറയുന്നു. ടീച്ചറമ്മയ്ക്ക് ഒരു ശ്യാം കുമാറിനെ ഓർമ്മയുണ്ടോ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. സെപ്റ്റംബർ രണ്ടിന് ശ്യാമിന്റെ പതിനാറാമത്തെ ശസ്ത്രക്രിയയാണെന്നും സുമനസ്സുകൾ സഹായിക്കണമെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ടീച്ചറമ്മയ്ക്ക് ഒരു ശ്യാം കുമാറിനെ ഓർമ്മയുണ്ടോ?
പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ കയറ്റി അയയ്ക്കാൻ മുന്നിൽ നിന്ന വിദ്യാർത്ഥി. കൃത്രിമക്കാൽ ഉപയോഗിക്കുന്നവൻ. വൃക്കരോഗി. വയ്യായ്മയിലും സൈക്ലിങ് നടത്തുന്നവൻ. ഒരു ഡസനിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായവൻ.
ശ്യാമിന്റെ ഊർജ്ജസ്വലതയെ കുറിച്ച് അവന്റെ ഡോക്ടറിൽ നിന്നറിഞ്ഞ് ആശ്ചര്യപ്പെട്ടയാളാണ് ടീച്ചർ. തുടർന്ന് ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമാക്കുമെന്നും ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും ഫേസ്ബുക്കിൽ എഴുതി കയ്യടി നേടിയ ആളാണ് ടീച്ചർ.
കൊല്ലം മൂന്ന് കഴിഞ്ഞു.
പിന്നെന്തുണ്ടായി? ഒന്നും ഉണ്ടായില്ല. സർക്കാർ സഹായം എത്തിയില്ല. ശ്യാമിന്റെ ദുരവസ്ഥ അങ്ങനെതന്നെ തുടരുന്നു. വാക്കിനു വില വേണമെന്ന് പറയാൻ ഞാൻ ആളല്ല. എന്നാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് ഞാൻ പറയും. സൗജന്യചികിത്സ എന്ന ആനുകൂല്യം നേടിയവനെ വ്യക്തിപരമായി സഹായിക്കേണ്ട ആവശ്യമുണ്ടെന്ന് മറ്റുള്ളവർ കരുതില്ലല്ലോ. സൗജന്യചികിത്സാ പ്രഖ്യാപനം ഇല്ലാതാക്കിയത് അവന് കിട്ടേണ്ടിയിരുന്ന സുമനസ്സുകളുടെ വ്യക്തിപരമായ സഹായം കൂടിയാണ്.
മറ്റ് അസൗകര്യങ്ങൾ ഉണ്ടായില്ലെങ്കിൽ, സെപ്റ്റംബർ രണ്ടിന് ശ്യാമിന്റെ പതിനാറാമത്തെ ശസ്ത്രക്രിയയാണ്. വൃക്ക മാറ്റിവയ്ക്കൽ. അമ്മയാണ് ദാതാവ്. പക്ഷെ കയ്യിൽ പണമില്ല. സർക്കാർ കണ്ണ് തുറന്നില്ലെങ്കിലും ശ്യാമിന് ജീവിക്കണമല്ലോ. അവനും ഈ ഭൂമിയുടെ അവകാശിയാണ്. സ്വന്തം കുറവുകളേക്കാൾ അന്യന്റെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുന്ന ശ്യാമൊക്കെ ദീർഘകാലം നമ്മോടൊപ്പം വേണ്ടതല്ലേ?
ശ്യാമിനെ സഹായിക്കാൻ:
Google Pay: 7907424988
Account number: 67172487056
Bank: SBI Kattakkada
IFSC: SBIN0070040
Post Your Comments