![](/wp-content/uploads/2022/08/amala-paul.jpg)
ചെന്നൈ: നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന്‍ ഭവ്‌നിന്ദര്‍ സിങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി നൽകിയ പരാതിയിലാണ് ഗായകനായ ഭവ്നിന്ദറിനെ അറസ്റ്റ് ചെയ്തത്. ഭവ്‌നിന്ദര്‍ സിങ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ഇതുമൂലം ജീവിതത്തിൽ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ട് ഉണ്ടായെന്നും അമല പോൾ പരാതിയിൽ വ്യക്തമാക്കി.
സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ച് മാനസികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി, 2020 നവംബറില്‍ ഭവ്നിന്ദറിനെതിരെ അമല പോൾ ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. തന്റെ അനുമതി ഇല്ലാതെ ചിത്രങ്ങൾ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുകയായിരുന്നു എന്നും നടി പരാതിയിൽ പറഞ്ഞു.
ഭവ്നിന്ദറുമായി ചേർന്ന് സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നുവെന്നും എന്നാൽ, തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്‌നിന്ദര്‍ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്നും അമല പോൾ ആരോപിച്ചു.
നിരവധി വർഷങ്ങളായുള്ള പ്രണയത്തിനു ശേഷം 2014 ലാണ് സംവിധായകൻ എ.എൽ. വിജയ്‌യും അമല പോളും തമ്മിൽ വിവാഹിതരായത്. തുടർന്ന്, 2017ൽ വിവാഹമോചനം നേടിയതിനു പിന്നാലെയാണ് നടി ഭവ്നിന്ദറുമായി പ്രണയത്തിലായത്.
Post Your Comments