KeralaLatest NewsNews

ലഹരിക്കെതിരായ ഹ്രസ്വചിത്രം കാണിച്ച് ‘ന്യൂ ജെൻ’ പിള്ളേരെ നേർവഴിക്ക് നടത്താൻ സർക്കാർ: ജനതയെ ബോധവത്കരിക്കാൻ ഡി.വൈ.എഫ്.ഐയും

തിരുവനന്തപുരം: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം തടയുന്നതിനായി കർശന നടപടികൾ കൈക്കൊള്ളാൻ പോലീസിനും എക്സൈസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു ഈ തീരുമാനം ഉണ്ടായത്. സംസ്ഥാനത്തെ ലഹരി പിടിമുറുക്കിയ സാഹചര്യത്തിൽ ഇതിനെതിരെ രഹസ്യ സ്ക്വാഡിനെ ഏർപ്പെടുത്തുമെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരും നിലപാട് അറിയിച്ച് രംഗത്തെത്തിയത്.

മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനമൊട്ടാകെ പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. ഇതിൽ യുവാക്കൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, സമുദായ സംഘടനകൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും. യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ യുവജനതയെ ബോധവത്കരിക്കാൻ രംഗത്തിറങ്ങുകയാണെന്ന് ഡി.വൈ.എഫ്.ഐയും വ്യക്തമാക്കി. യുവജനങ്ങളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സംഘടനാ നേതൃത്വം നൽകുമെന്നാണ് നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞത്.

പോലീസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ന് നടത്തും. ഉദ്ഘാടന ദിവസം എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ക്ലാസ്സ് പി.ടി.എ. യോഗങ്ങൾ ചേരും. എല്ലാ ക്ലാസ്സുകളിലും വിക്ടേഴ്‌സ് ചാനൽ വഴി ഉദ്ഘാടന പ്രസംഗം കേൾക്കാൻ അവസരം ഒരുക്കും. തുടർന്ന് ലഹരിക്കെതിരായ രണ്ടോ മൂന്നോ ഹ്രസ്വ സിനിമ/ വീഡിയോയുടെ സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും, ഇതിനോടനുബന്ധിച്ച് ചർച്ചയും സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button