തൊടുപുഴ: കുടയത്തൂര്‍ സംഗമം ജംക്ഷനിൽ പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ മരണം മൂന്നായി. ചിറ്റടിച്ചാൽ സോമന്റെ അമ്മ തങ്കമ്മ, ഭാര്യ ഷിജി, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ വീട് പൂർണ്ണമായും മണ്ണിനടിയിലാണ്. സോമനും മകള്‍ ഷിമയ്ക്കുമായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്തെ കൃഷി സ്ഥലങ്ങളും മണ്ണിനടിയിലായി.
പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്ന് എസ്പി അറിയിച്ചു. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും ദുരന്ത സ്ഥലത്തേക്ക് വൈകാതെ എത്തിച്ചേരും. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും സ്കൂളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ദേവാനന്ദ് എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്.
തെരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘമെത്തും. തൃശൂരില്‍ നിന്നുള്ള സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്.
Post Your Comments