തിരുവനന്തപുരം: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഇളക്കി മരഉരുപ്പടികളിലെ ജീർണത മാറ്റി ഓട് വിരിക്കുന്ന ജോലികൾ പൂർത്തിയായി.
Read Also: വിഴിഞ്ഞം സമരം തുടരും: പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുമെന്ന് ലത്തീന്‍ അതിരൂപത
ഒരു മാസത്തിനകം രണ്ടാം ഘട്ട സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാകും. കഴുക്കോലുകൾ, പട്ടികകൾ തുടങ്ങിയ മര ഉരുപ്പടികൾ സിഎൻഎസ് ഓയിൽ ഉപയോഗിച്ചാണ് സംരക്ഷിക്കുന്നത്. കുമ്മായച്ചാന്ത് പൂശിയ ചുമരുകളിലെ അടർന്നുപോയ ഭാഗങ്ങൾ പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കുമ്മായ ചാന്ത് ഉപയോഗിച്ച് പൂർവ്വരൂപത്തിലാക്കി. പരമ്പരാഗത വസ്തുക്കൾ ഉപയോഗിച്ച് കുമ്മായച്ചാന്ത് തയ്യാറാക്കുന്ന വിദഗ്ധ തൊഴിലാളികളാണ് ഈ പ്രവൃത്തി നിർച്ചഹിച്ചത്. തറയിൽ വിരിച്ചിരിക്കുന്ന കളിമണ്ണിലുള്ള തറയോടുകൾ മിനുക്കുന്ന ജോലികളും പൂർത്തിയായി.
പൈതൃക മന്ദിരത്തിന്റെ പിറകുവശം വൃത്തിയാക്കി പൂന്തോട്ടവും ഇരിപ്പിടവും സജ്ജീകരിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതി വിഹിതം വിനിയോഗിച്ചാണ് സംരക്ഷണ പ്രവൃത്തികൾ നിർവഹിക്കുന്നത്. 85.5 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
നിയമസഭാ വളപ്പിലെ ചരിത്രപൈതൃക പ്രാധാന്യമുള്ള ഈ കെട്ടിടത്തിന്റെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്ന തീരുമാനത്തിലാണ് സംരക്ഷണ പ്രവൃത്തിയുടെ ചുമതല പുരാവസ്തു വകുപ്പിനെ ഏൽപ്പിച്ചത്. പുരാവസ്തു വകുപ്പിലെ ഘടനാ സംരക്ഷണ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു പ്രവൃത്തികൾ നടക്കുന്നത്. പൈതൃക സ്മാരകങ്ങളുടെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളിൽ പരിചയമുള്ള വിദഗ്ധ തൊഴിലാളികളെ കൊണ്ടുവന്നാണ് പുനരുദ്ധാരണ പ്രവൃത്തികൾ നിർവ്വഹിക്കുന്നത്. തിരുവിതാംകൂർ പട്ടാളത്തിന്റെ ആസ്ഥാന മന്ദിരമായായിരുന്ന ഇവിടെ 2006ലാണ് നിയമസഭാ സുവർണ ജൂബിലി മ്യൂസിയം ആരംഭിച്ചത്.
Read Also: മീശോ പലചരക്കു കച്ചവടം നിര്‍ത്തി: 300 ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
Post Your Comments