തിരുവനന്തപുരം: വിഴിഞ്ഞം സമരം തുടരുമെന്നും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നും വ്യക്തമാക്കി ലത്തീന്‍ അതിരൂപത. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളിലാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിക്കുക. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ വീഴരുതെന്നും കേസുകള്‍ നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നീങ്ങുമെന്നും അതിരൂപത സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
സെപ്തംബര്‍ ഒന്ന് മുതലുള്ള സമരരീതിയെക്കുറിച്ച് സര്‍ക്കുലറില്‍ വിശദീകരിക്കും. സമരം പതിമൂന്നാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് പള്ളികളില്‍ സമരത്തെക്കുറിച്ച് സര്‍ക്കുലര്‍ വായിക്കുന്നത്. ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമണെന്നും വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ നാളെ വീണ്ടും മന്ത്രിതല ചര്‍ച്ച നടത്തും. ആറ് മണിക്ക് ചേരുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ ആന്റണി രാജുവും അബ്ദുര്‍ റഹിമാനും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
ക്രമസമാധാന പ്രശ്‌നമുണ്ടാകരുതെന്ന ഹൈക്കോടതി വിധി കൂടി പരിഗണിച്ച് സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. തിങ്കളാഴ്ച കടല്‍ സമരം നിശ്ചയിച്ചിട്ടുണ്ട്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യം അംഗീകരിക്കും വരെ സമരത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം.
Post Your Comments