KeralaLatest News

അർജുൻ ആയങ്കി അറസ്റ്റിൽ: പിടികൂടിയത് ഒളിവില്‍ കഴിയവെ

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂരിനടുത്ത് പെരിങ്ങയില്‍ നിന്നും കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനില്‍ ഹാജരാക്കി. ക്യാരിയറുടെ ഒത്താശയോടെ കടത്തുകാരെ വെട്ടിച്ച് സ്വര്‍ണം കൊള്ളയടിച്ചെന്നാണ് കേസ്. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ വിലക്കേര്‍പ്പെടുത്തികൊണ്ട് പൊലീസ് ചുമത്തിയ കാപ്പ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് അറസ്റ്റ്.

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം കവര്‍ന്ന ക്രിമിനല്‍ സംഘത്തിലെ പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കിയാണെന്ന് കസ്റ്റസ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊട്ടക്കല്‍ എന്ന കോഡ് വാക്കില്‍ വിശേഷിപ്പിക്കുന്ന ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ വന്‍ ആസൂത്രണം നടന്നിരുന്നുവെന്നും കസ്റ്റംസ് റിപ്പോര്‍ട്ടിലുണ്ട്. സ്ഥിരം കുറ്റവാളിയാണെന്ന കണ്ടെത്തലിലാണ് കാപ്പ ചുമത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ കാവലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയതോടെയായിരുന്നു ഇരുവരും തമ്മില്‍ വീണ്ടും വാക്‌പോര് ഉടലെടുത്തത്.

സ്വര്‍ണക്കടത്ത് സംഘങ്ങളില്‍പ്പെട്ട ഇവര്‍ ഡിവൈഎഫ്‌ഐയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അര്‍ജുന്‍ ആയങ്കി മറുപടി നല്‍കുകയായിരുന്നു. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങുകയായിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു.

പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപാര്‍ശ ചെയ്യുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button