തിരുവനന്തപുരം: 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗം സെപ്തംബർ മൂന്നിന് തിരുവനന്തപുരത്ത് നടക്കും. ആവർത്തന ക്രമം അനുസരിച്ചു കേരളമാണ് മുപ്പതാമത് കൗൺസിൽ യോഗത്തിന് ആതിഥ്യം അരുളുന്നത്. കേരളത്തിനാണ് ഈ യോഗത്തിന്റെ അധ്യക്ഷസ്ഥാനം. കോവളം റാവിസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയൻ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള ഭരണകർത്താക്കൾ എന്നിവർ പങ്കെടുക്കും.
Read Also: കമ്മ്യൂണിറ്റി ഫീച്ചറുമായി വാട്സ്ആപ്പ്, ബീറ്റ ഉപയോക്താക്കൾക്ക് ലഭിച്ച് തുടങ്ങി
സംസ്ഥാനങ്ങൾ തമ്മിലും കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനുള്ള വേദിയാണ് കൗൺസിൽ യോഗം. രാവിലെ 10 മുതൽ രണ്ടു വരെയാണ് സതേൺ സോണൽ കൗൺസിൽ ചേരുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സതേൺ സോണൽ കൗൺസിലുമായി ബന്ധപ്പെട്ട് എത്തുന്ന വിശിഷ്ടാതിഥികൾക്കായി സെപ്തംബർ രണ്ടിന് പ്രത്യേക സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ രണ്ടു മുതൽ നഗരത്തിലെ വീഥികൾ വൈദ്യുത ദീപങ്ങൾകൊണ്ട് അലങ്കരിക്കും. സതേൺ സോണൽ കൗൺസിൽ നടക്കുന്നതിനാൽ മണക്കാട് മുതൽ കോവളം വരെയുള്ള പ്രധാന വീഥിയുടെ ഇരുവശങ്ങളിലും വൈദ്യുതി ദീപാലങ്കാരങ്ങൾ ഒരുക്കുന്നുണ്ട്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും സെപ്തംബർ നാലിന് ആലപ്പുഴയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി വീക്ഷിക്കാൻ കേരളം ക്ഷണിച്ചിട്ടുണ്ട്.
Post Your Comments