തിരുവനന്തപുരം: ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി ട്രെയിൻ യാത്രക്കാരുടെ പണവും മറ്റു സാധനങ്ങളും കവർന്ന കേസിലെ രണ്ടാം പ്രതി റെയിൽവേ പൊലീസിന്റെ പിടിയിൽ. ബീഹാർ ബത്തിയ ജില്ലയിലെ ചുമ്പൻ കുമാറാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ശത്രുധൻ കുമാറിനെ കഴിഞ്ഞ 17-ന് ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
സഹയാത്രികരുമായി ചങ്ങാത്തം സ്ഥാപിച്ച് സംശയം വരാതെ കൈയിൽ കരുതിയ ഉറക്കഗുളികമരുന്ന് കലർത്തിയ ക്രീം ബിസ്കറ്റുകൾ കഴിപ്പിച്ച് അവരെ കൊള്ളയടിച്ച് ഏറ്റവും അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങിപ്പോവുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
Read Also : ടി ആർ എസിന് തിരിച്ചടി: തെലങ്കാന ബിജെപി അധ്യക്ഷന് നടത്തുന്ന പദയാത്ര പുനരാരംഭിക്കാന് ഹൈക്കോടതി അനുമതി
തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, ആലപ്പുഴ, യശ്വന്ത്പൂർ, ലുധിയാന മുതലായ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ജനറൽ കോച്ചുകളിൽ കയറി യാത്ര ചെയ്ത് സമാനമായ കവർച്ചകൾ നടത്തിയതായി പ്രതി സമ്മതിച്ചു.
ഈ കേസിലെ മുഖ്യ സൂത്രധാരകനും ബീഹാർ മച്ചർഗാവ് സ്വദേശിയുമായ സാഹിബ് ഷാക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. റെയിൽവേ പൊലീസും ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ടി.ആർ.അനീഷ്, സബ് ഇൻസ്പെക്ടർ ബിജുകുമാർ, ക്രൈം ഇന്റലിജൻസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഫിലിപ് ജോൺ, ജയകുമാർ, പ്രമോദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments