കോഴിക്കോട്: നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. പുതിയ രണ്ടുപേർ കൂടി ലിനിയുടെ കുടുംബത്തോടൊപ്പം ചേരുകയാണ്. അധ്യാപികയായ പ്രതിഭയെ ജീവിതത്തിലേക്ക് കൂട്ടുകയാണ് സജീഷ്. പ്രതിഭയുമായുള്ള വിവാഹം ഉറപ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായെന്ന് സജീഷ് പറയുന്നു. മക്കളുമായി പ്രതിഭ അടുപ്പത്തിലാണെന്നും, ഉടനെ വിവാഹം ഉണ്ടാകുമെന്നുമാണ് സജീഷ് പറയുന്നത്. തങ്ങൾ വിവാഹിതരാകുന്നതിൽ കുടുംബത്തിലെ എല്ലാവർക്കും സന്തോഷമുണ്ടെന്ന് പറഞ്ഞ സജീഷ്, തനിക്ക് മുന്നിലുള്ളത് വലിയൊരു ഉത്തരവാദിത്തം ആണെന്നും വ്യക്തമാക്കി.
‘ഞാനിപ്പോൾ താമസിക്കുന്നത് ലിനിയുടെ വീട്ടിൽ തന്നെയാണ്. വിവാഹം കഴിഞ്ഞ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റാമെന്നാണ് വിചാരിക്കുന്നത്. ലിനിയുടെ മരണത്തിനു ശേഷം അവളുടെ അമ്മയോടൊപ്പമാണ് ഞാൻ താമസിക്കുന്നത്. അവൾ മരിച്ചതിനു ശേഷം ഞാൻ ഇങ്ങോട്ട് പോന്നതിൽ പിന്നെ എന്റെ അച്ഛൻ അവിടെ ഒറ്റയ്ക്കാണ്. മൂന്ന് ഫാമിലിയും കൂടി ഒന്നിച്ചു കൊണ്ടുപോകേണ്ട വലിയൊരു ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. അച്ഛനെപ്പോലെ തനിച്ചാവരുതെന്ന് അവൾ അവസാനം പറഞ്ഞിരുന്നു. അച്ഛൻ ജീവിക്കുന്നത് അവൾ കണ്ടതാണ്’, സജീഷ് സമയം മലയാളത്തോട് പറഞ്ഞു.
ലിനിയുടെ അമ്മയും തന്റെ അച്ഛനുമൊക്കെ പിന്തുണയുമായി കൂടെയുണ്ടെന്ന് സജീഷ് പറയുന്നു. എല്ലാവരും നിർബന്ധിച്ചിട്ടാണ് ഇങ്ങനെ ഒരു വിവാഹമെന്നും സജീഷ് പറയുന്നു. വിവാഹക്കാര്യം പൊതു ഇടത്തിൽ എങ്ങനെ അവതരിപ്പിക്കുമെന്നോർത്ത് ആശങ്ക ഉണ്ടായിരുന്നുവെന്നും, എന്നാൽ ആളുകൾ പിന്തുണയ്ക്കുന്നതു കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും സജീഷ് പറഞ്ഞു.
ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാർ കാവ് ക്ഷേത്രത്തിൽ വെച്ചാണ് സജീഷും പ്രതിഭയും ഒന്നിക്കുന്നത്. നാല് വർഷം മുമ്പ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ആയി സേവനം അനുഷ്ടിക്കവെ നിപ ബാധിച്ചായിരുന്നു ലിനിയുടെ മരണം.
Post Your Comments