പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് ഏഴുവർഷം കഠിനതടവും 95000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലയാലപ്പുഴ സ്വദേശി സുരേഷി(സെൽവൻ – 50)നെയാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് (പ്രിൻസിപ്പൽ പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.
ഐപിസി വകുപ്പ് 451 പ്രകാരം ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പോക്സോയിലെ 7, 8 വകുപ്പുകൾ പ്രകാരം 4 വർഷവും 40000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കഠിനതടവ് കൂടി അനുഭവിക്കണം. പോക്സോയിലെ വകുപ്പുകൾ 11,12 അനുസരിച്ച് 2 വർഷം കഠിനതടവും 30000 രൂപ പിഴയും, പിഴ, അടച്ചില്ലെങ്കിൽ മൂന്നുമാസം കൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
പ്രതി കഴിഞ്ഞ വർഷം വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ സെപ്റ്റംബർ 14 മുതൽ കസ്റ്റഡിയിലാണ്. സെപ്റ്റംബർ പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പന്ത്രണ്ടു വയസുള്ള പെൺകുട്ടിയുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം കാട്ടുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്നാണ് കേസ്. പൊലീസ് ഇൻസ്പെക്ടർ എ.ആർ. ലീലാമ്മയാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജെയ്സൺ മാത്യൂസ് ഹാജരായി.
Post Your Comments