നോയിഡ: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് നിർമ്മിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ. ഇതിശ്രീ മുർമുവിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ആളുകളെ ശല്യം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. പ്രമുഖ ബഹുരാഷ്‌ട്ര കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആയി ജോലി ചെയ്തുവരുന്നയാളാണ് പ്രതി.
പ്രതിയിൽ നിന്ന് മൂന്ന് മൊബൈൽഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഐപിസി സെക്ഷൻ 504 (പൊതു സമാധാനം തകർക്കാൻ മനപ്പൂർവ്വം അപമാനിക്കൽ), 507 (അജ്ഞാത ആശയവിനിമയത്തിലൂടെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാൾ തനിക്ക് വിദ്വേഷമുള്ള അയൽവാസിയെ തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം നടക്കുകയാണ്.
Post Your Comments