Latest NewsNewsIndia

‘പ്രതികളുടെ മോചനം മനുഷ്യരാശിക്ക് അപമാനം, ഒരാളെ പോലും വെറുതെ വിടരുത്’: ബിൽക്കിസ് ബാനു കേസിലെ വിധിയിൽ ഖുശ്ബു

ചെന്നൈ: ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾക്ക് ജാമ്യം നൽകിയതിൽ വിമർശനവുമായി തെന്നിന്ത്യൻ നടിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദർ. ബിൽക്കിസ് ബാനുവിന് നീതി ലഭിക്കണമെന്നും പ്രതികളുടെ മോചനം മനുഷ്യരാശിക്ക് അപമാനമാണെന്നും ഖുശ്ബു പ്രതികരിച്ചു. കുറ്റ​കൃത്യത്തിൽ ഉൾപ്പെട്ട ഒരാളെ പോലും വെറുതെ വിടരുതെന്നും, അങ്ങനെ ചെയ്താൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമായിരിക്കുമെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

‘ബലാത്സംഗം ചെയ്യപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ക്രൂരമായി പീഡിപ്പിക്കപ്പെടുകയോ, ആത്മാവിന് മുറിവേൽക്കപ്പെടുകയോ ചെയ്ത ഒരു സ്ത്രീക്ക് നീതി ലഭിക്കണം. അതിൽ ഉൾപ്പെട്ട ഒരാളെയും വെറുതെ വിടരുത്. അങ്ങനെ ചെയ്താൽ അത് മനുഷ്യത്വത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കിസ് ബാനു അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഈ കാലഘട്ടത്തിൽ പിന്തുണ ആവശ്യമാണ്’, ഖുശ്ബു ട്വീറ്റ് ചെയ്തു.

കുറ്റവാളികളുടെ മോചനത്തെയും അനുമോദനത്തെയും അപലപിച്ച രണ്ടാമത്തെ ബി.ജെ.പി നേതാവാണ് ഖുശ്ബു. ജയിൽ മോചിതരായ ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ആദരിക്കുന്നത് തെറ്റാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച നേരത്തെ പറഞ്ഞിരുന്നു.

2002ലെ ബിൽക്കിസ് ബാനു വധക്കേസിലെയും കൂട്ടബലാത്സംഗക്കേസിലെയും പ്രതികളിലൊരാളായ രാധശ്യാം ഷാ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഗുജറാത്ത് സർക്കാർ ഓഗസ്റ്റ് 15 ന് 11 പ്രതികളെ മോചിപ്പിച്ചിരുന്നു. 2008ൽ മുംബൈയിലെ സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഷാ 15 വർഷവും 4 മാസവും ജയിൽവാസം പൂർത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button