Latest NewsIndiaNews

ബിൽക്കിസ് ബാനു കേസ്; 11 പ്രതികളും ഉടന്‍ ജയിലിലെത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികൾ കീഴടങ്ങാൻ കൂടുതൽ സമയം തേടി സമർപ്പിച്ച ഹർജികൾ തള്ളി കോടതി. പ്രതികളായ 11 പേരും ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. വിളവെടുപ്പ് കാലം, മകന്റെ വിവാഹം തുടങ്ങി പലകാരണങ്ങൾ നിരത്തിയാണ് പ്രതികൾ കീഴടങ്ങാൻ സമയം കൂടുതൽ ആവശ്യപ്പെട്ടിരുന്നത്. പ്രതികൾ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ പരിഗണിച്ച് സമയം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ജനുവരി 21-നകം തന്നെ 11 പേരും ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഹർജികൾ പരിഗണിച്ചത് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ്. കുറ്റവാളികളെ ജയിൽ മോചിതരാക്കിയ ഗുജറാത്ത് സർക്കാർ നടപടി നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നിരവധി ഹർജികളാണ് കീഴടങ്ങാനുള്ള സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തിയത്.

ഗോദ്രാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു പ്രതികളെ മോചിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ ബില്‍ക്കീസ് ബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് നല്‍കുന്നത് തന്നെ അറിയിച്ചില്ലെന്നും കുറ്റവാളികള്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കാണിച്ചാണ് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയെ സമീപിച്ചത്. സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സമാന ഹര്‍ജി സമർപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി 11 പ്രതികളുടേയും ശിക്ഷാ ഇളവ് റദ്ദ് ചെയ്യുകയായിരുന്നു. പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും ഇരയായ സ്ത്രീയുടെ നീതിയും അവകാശവും സംരക്ഷിക്കണമെന്നും കോടതി പറഞ്ഞിരുന്നു. വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശം. ബില്‍ക്കിസ് ബാനുവിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button