
ന്യൂഡല്‍ഹി : രാജ്യത്ത് ടോള്‍ പ്ലാസകള്‍ പൂര്‍ണമായും മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടോള്‍ പ്ലാസകള്‍ക്ക് പകരം ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി. നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകളാകും സ്ഥാപിക്കുക. അതുവഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നിന്ന് നേരിട്ട് ടോള്‍ ഈടാക്കും. ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ ബില്ല് കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
ടോള്‍ പ്ലാസകള്‍ക്കൊപ്പം ഫാസ്റ്റ് ടാഗുകളും ഇല്ലാതാക്കും. 2019 മുതല്‍ വാഹന കമ്പനികളാണ് കാറുകളില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇത് തുടര്‍ന്നുവരുന്നു. ടോള്‍ പ്ലാസകള്‍ മാറ്റി ക്യാമറകള്‍ സ്ഥാപിക്കുമ്പോള്‍ ഈ നമ്പര്‍ പ്ലേറ്റുകള്‍ കൂടുതല്‍ ഉപയോഗപ്രദമാകും. ഇത് ടോള്‍ പ്ലാസകളിലെ തിരക്ക് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തല്‍.
അതേസമയം, ടോള്‍ വഴി പണം നല്‍കാത്ത വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്താന്‍ നിയമമില്ല. ഇതും നിയമത്തിന് കീഴില്‍ കൊണ്ടുനരാന് തീരുമാനമായിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം.
Post Your Comments