ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഓഗസ്റ്റ് 28നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഇപ്പോഴിതാ, ഗാംഗുലിയെ തളയ്ക്കാന്‍ പല വഴികളും പാകിസ്ഥാന്‍ ആലോചിക്കാറുണ്ടായിരുന്നെന്നും ശരീരത്തിന് നേരെ പന്തെറിയുകയായിരുന്നു അതിലൊന്നെന്നും വെളിപ്പെടുത്തുകയാണ് മുൻ പാകിസ്ഥാൻ പേസർ ഷൊയബ് അക്തർ. വീരേന്ദർ സെവാഗുമൊത്തുള്ള ഒരു പരിപാടിക്കിടെയാണ് അക്തറിന്റെ വെളിപ്പെടുത്തല്‍.
1999-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൊഹാലിയില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. മത്സരം തുടങ്ങുന്നതിന് മുമ്പ് ടീം മീറ്റിങ്ങില്‍ ചില തീരുമാനങ്ങളെടുത്തിരുന്നതായി അക്തര്‍ പറഞ്ഞു. ഗാംഗുലിയെ പുറത്താക്കുക എന്നതിനേക്കാള്‍ ശരീരത്തിന് നേരെ പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം. എല്ലായിപ്പോഴും തലയിലേക്കും ശരീരത്തിലേക്കുമാണ് തന്റെ ബൗണ്‍സറുകള്‍ അന്ന് ലക്ഷ്യമാക്കിയിരുന്നതെന്നും അക്തര്‍ പറയുന്നു.
അക്തറിന്റെ പന്തുകൊണ്ട് വാരിയെല്ലിന് പരിക്കേറ്റ ഗാംഗുലി അന്ന് മടങ്ങുകയായിരുന്നു. സംഭവത്തില്‍ അക്തര്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ ഗാംഗുലി ഈ അഭിമുഖം കാണുന്നുണ്ടാകുമെന്ന് സെവാഗ് അക്തറിനെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ഗാംഗുലിയോട് താന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു അക്തറിന്റെ മറുപടി.
Read Also:- രാഷ്ട്രീയക്കാരെ മറന്നേക്കൂ, നമ്മളെല്ലാം ഒന്നാണ്: ഇന്ത്യ-പാക് സൗഹൃദം പ്രചരിപ്പിക്കുന്ന കായിക താരങ്ങൾ
അതേസമയം, ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം. തുടർന്ന് സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് പോരാട്ടം വരുന്ന തരത്തിലാണ് മത്സര ക്രമങ്ങൾ. ഇരു ടീമുകളും ഏഷ്യാ കപ്പ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടീം ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാന്‍ ടീമിനെ ബാബര്‍ അസമുവാണ് ടൂര്‍ണമെന്‍റില്‍ നയിക്കുക.
Post Your Comments