മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ അഞ്ച് വരെ നീട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പത്രചൗള്‍ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാവത്തിനെ അറസ്റ്റ് ചെയ്തത്.
ആദ്യം ഇഡി കസ്റ്റഡിയിലായിരുന്ന ശിവസേനാ നേതാവിനെ ഓഗസ്റ്റ് എട്ടിന് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. കേസില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വര്‍ഷയുടെ അക്കൗണ്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 1.08 കോടി രൂപ കണ്ടെത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു.
പ്രവീണ്‍ റാവത്ത്, പത്കാര്‍ എന്നിവരുമായുള്ള സഞ്ജയ് റാവത്തിന്റെ ബിസിനസ് ബന്ധങ്ങളെക്കുറിച്ചാണ് ഇ ഡി അന്വേഷണം നടത്തുന്നത്. പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജയ് റാവത്തിലേക്ക് അന്വേഷണം എത്തിയത്.
തനിക്ക് അഴിമതിയുമായി യാതൊരു ബന്ധമില്ലെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലില്‍ താന്‍ കീഴടങ്ങില്ലെന്നുമാണ് റാവത്ത് പ്രതികരിച്ചത്. പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ ആരോപിച്ചിരുന്നു.
Post Your Comments