കൊല്ലം: വീട്ടമ്മ ആത്മഹത്യ ചെയ്തതിന് പിന്നിൽ വായ്പാ തട്ടിപ്പെന്ന് പരാതി. കൊല്ലം അയത്തിൽ സ്വദേശി സജിനിയുടെ മരണത്തിലേക്ക് നയിച്ചത് പോളയത്തോട് സ്വദേശിയായ ലേഖ നടത്തിയ വഞ്ചനയെ തുടർന്നാണെന്നാണ് പരാതി. സ്വകാര്യ ബാങ്കിൽ നിന്നും സജിനിയും മറ്റ് ഒമ്പത് പേരും ചേർന്ന് വായ്പ എടുക്കുകയും പിന്നീട് അത് തിരിച്ചടക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ അറിയാതെ പഴയ രേഖകൾ ഉപയോഗിച്ച് ലേഖ വൻ തുക വീണ്ടും ലോണെടുക്കുകയായിരുന്നു. ലേഖ വഞ്ചിച്ചെന്നും, തന്നെ കടക്കാരിയാക്കിയെന്നുമാണ് സജിനിയുടെ അത്മഹത്യകുറിപ്പിൽ പറയുന്നത്.
പറ്റിക്കപ്പെട്ടവരിലേറെയും കശുവണ്ടി തൊഴിലാളികളാണ്. വീട്ടമ്മയുടെ ആത്മഹത്യക്ക് പിന്നാലെ ലേഖ ഒളിവിൽ പോയി. കിളികൊല്ലൂർ പൊലീസ് ഇവർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്. ഈ മാസം പത്തിനാണ് സജിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിലൂടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വിവരം പുറം ലോകം അറിയുന്നത്. 2014 ൽ പോളയത്തോട് സ്വദേശിയായ ലേഖ പത്ത് പേരടങ്ങുന്ന വീട്ടമ്മമാരുടെ ചെറു സംഘങ്ങൾ രൂപീകരിച്ച് മൂന്ന് ലക്ഷം രൂപ സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്തു നൽകിയിരുന്നു. വായ്പയെടുത്ത പണം വീട്ടമ്മമാർ കൃത്യമായി തിരിച്ചടക്കുകയും ചെയ്തു.
എന്നാൽ തങ്ങൾ ചതിയിൽ പെട്ടെന്ന് അവർ തിരിച്ചറിഞ്ഞത് ഈയടുത്താണ്. ലോണെടുത്തതിൽ ഇനിയും വലിയൊരു തുക തിരിച്ചടയ്ക്കാനുണ്ടെന്ന് കാട്ടി ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. ഇതോടെയാണ് വീട്ടമ്മമാരുടെ രേഖകൾ ഉപയോഗിച്ച് ഇടനിലക്കാരി ലേഖ വലിയ തുക ബാങ്കിൽ നിന്ന് വായ്പ ഇനത്തിൽ തട്ടിയെടുത്തതായി കണ്ടെത്തുന്നത്. ലേഖയെ വീട്ടമ്മമാർക്ക് പരിചയപ്പെടുത്തിയ സജിനി ഇതോടെ പ്രതിസന്ധിയിലായി.
പലതവണ പ്രശ്നം പരിഹരിക്കണമെന്ന് സജിനി ആവശ്യപ്പെട്ടിട്ടും ലേഖ കൈ മലർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമ്മർദ്ദം സഹിക്കാനാവാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്നാണ് പരാതി. പത്ത് പേരടങ്ങുന്ന ആറ് സംഘങ്ങളായിരുന്നു ലേഖ തുടങ്ങിയത്. ലക്ഷങ്ങളാണ് ഇവരുടെ പേരിൽ തട്ടിയെടുത്തത്.
Post Your Comments