KeralaLatest NewsNews

വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു. ചേര്‍ത്തല സ്വദേശി ഇന്ദുവിന്റെ മരണത്തില്‍ തുമ്പച്ചെടി വില്ലനായെന്ന സംശയമുയര്‍ന്നിരുന്നു.

Read Also: കഞ്ചാവ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ പിടിയില്‍

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേര്‍ത്തല സ്വദേശി ഇന്ദുവാണ് തുമ്പച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചതിന് പിന്നാലെ മരിച്ചത്. ചേര്‍ത്തല എക്‌സ്‌റേ ജംഗ്ഷന് സമീപം താമസിക്കുന്ന ഇന്ദുവും മറ്റു കുടുംബാംഗങ്ങളും വ്യാഴാഴ്ച രാത്രി തുമ്പ ചെടികൊണ്ടുള്ള തോരന്‍ കഴിച്ചിരുന്നു. പിന്നാലെ ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആദ്യം ചേര്‍ത്തലയിലെയും പിന്നീട് നെട്ടൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരന്‍ കഴിച്ച പിതാവ് ജയാനന്ദനും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ദുവിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തുമ്പ തോരന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍.

കഴിഞ്ഞ മെയ് മാസത്തില്‍ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാല്‍ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

ജീവിത ശൈലി രോഗമുള്ളവര്‍ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് റെസ്പിറേറ്ററി മെഡിസിന്‍ മേധാവി ഡോ കെ വേണുഗോപാല്‍ പറയുന്നു. സസ്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ ഹൃദ്രോഗം, പ്രമേഹം, കിഡ്‌നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവര്‍ക്ക് അപകടകരമായി മാറാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button