Latest NewsKeralaNews

നാടിന്റെ പുരോഗതിയിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കണമെന്നു സിവിൽ സർവീസ്

തിരുവനന്തപുരം: ശക്തമായ ഔദ്യോഗിക നടപടികളിലൂടെ നാടിന്റെ പുരോഗതിയിൽ തങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സർവീസ് പരീക്ഷാ വിജയികളെ ആഹ്വാനം ചെയ്തു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരള (സി.സി.ഇ.കെ)യുടെ കീഴിൽ സംസ്ഥാന സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് പരിശീലനം ലഭിച്ചവരിൽ കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ്, ഫോറസ്റ്റ് സർവീസ് പരീക്ഷകളിലെ റാങ്ക് ജേതാക്കളായവർക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.

സാമൂഹികമായ ഐക്യം നാടിന്റെ മുന്നേറ്റത്തിനു പ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇപ്പോൾ സാമൂഹിക ഐക്യം തകർക്കുന്ന പ്രവണതകൾ ഉണ്ട്. ഇതിനെതിരേ ശക്തമായ നടപടികൾ ഔദ്യോഗിക ജീവിതത്തിൽ എടുക്കാൻ സാധിക്കണം. അതിലൂടെ മാത്രമേ നാടിന്റെ പുരോഗതി, മതനിരപേക്ഷത നിലനിർത്തൽ എന്നിവ സാധ്യമാകു. അങ്ങനെ പ്രവർത്തിക്കുമ്പോഴാണ് ആർജ്ജിച്ച വിദ്യാഭ്യാസവും തിളക്കമുള്ള വിജയങ്ങളും പൂർണ്ണതോതിൽ അർത്ഥവത്താവുന്നത് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സിവിൽ സർവീസ് രംഗത്ത് കേരളം വലിയ മുന്നേറ്റം കൈവരിച്ചതായി ആശംസയർപ്പിച്ച് സംസാരിച്ച ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പറഞ്ഞു. പല സംസ്ഥാനങ്ങളിലും കളക്ടർ സ്ഥാനത്തൊക്കെ മലയാളികളാണ്. സ്തുത്യർഹമായ പ്രവർത്തനത്തിലൂടെ അവർ ആദരം നേടുന്നത് നമുക്ക് അഭിമാനകരമാണ്.

സിവിൽ സർവീസ് പരീക്ഷാ വിജയികളായ 27 പേരും ഫോറസ്റ്റ് സർവീസ് പരീക്ഷാ വിജയികളായ മൂന്ന് പേരും മുഖ്യമന്ത്രിയിൽ നിന്ന് ഉപഹാരം സ്വീകരിച്ചു. ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, സി.സി. ഇ.കെ ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button