![](/wp-content/uploads/2022/08/tn.gif)
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് ഇനി ബസില്‍ സമാധാനമായി യാത്ര ചെയ്യാം. സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. ചൂളമടിക്കുക, അശ്ലീല ആംഗ്യം കാണിക്കുക, ലൈംഗിക ചേഷ്ടകള്‍ പ്രകടിപ്പിക്കുക എന്നിവയും കുറ്റകരമായിരിക്കും. യാത്രയ്ക്കിടയില്‍ ഏതെങ്കിലും വ്യക്തി സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ അയാളെ പോലീസില്‍ ഏല്‍പ്പിക്കേണ്ട ഉത്തരവാദിത്വം ബസ് കണ്ടക്ടര്‍മാര്‍ക്ക് ആയിരിക്കുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
Read Also: സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള എല്ലാ മദ്യശാലകളും നീക്കം ചെയ്യും
സ്ത്രീകളോട് മോശമായി പെരുമാറുന്ന ബസ് കണ്ടക്ടര്‍മാര്‍ക്കും കര്‍ശന ശിക്ഷ ഉറപ്പ് വരുത്തും. ബസില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സ്ത്രീകളുടെ ദേഹത്ത് സ്പര്‍ശിക്കുന്ന കണ്ടക്ടര്‍മാരും ജീവനക്കാരും ശിക്ഷാര്‍ഹരായിരിക്കും.
വനിതാ യാത്രികരെ അപമാനിക്കുന്ന രീതിയില്‍ തമാശകള്‍ പറയുകയോ അശ്ലീല ചുവയുള്ള വാക്കുകള്‍ പ്രയോഗിക്കുകയോ ചെയ്യുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെയും നടപടി ഉണ്ടായിരിക്കും. ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് അരോചകമായ രീതിയില്‍ സംസാരിക്കുകയോ ഒച്ച വെക്കുകയോ ചെയ്യുന്ന പുരുഷ യാത്രികര്‍ക്ക് താക്കീത് നല്‍കുവാനും, തെറ്റ് ആവര്‍ത്തിച്ചാല്‍ ഇറക്കി വിടാനുമുള്ള അധികാരവും പുതിയ ഭേദഗതി പ്രകാരം കണ്ടക്ടര്‍മാര്‍ക്ക് ഉണ്ടാകും.
ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ക്ക് പറയാനുള്ള പരാതികള്‍ എഴുതി നിക്ഷേപിക്കാന്‍ ബസുകള്‍ക്കുള്ളില്‍ പരാതിപ്പെട്ടി സൂക്ഷിക്കണം. ഇത് യഥാസമയം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനേയും പോലീസിനേയും ചുമതലപ്പെടുത്തുമെന്നും മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
Post Your Comments