കാബൂൾ: അഫ്ഗാനിസ്ഥാൻ വിദേശ രാജ്യങ്ങളുമായി ബന്ധം പുലർത്തുന്നത് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം മാത്രമായിരിക്കുമെന്ന് വ്യക്തമാക്കി താലിബാന്റെ പരമോന്നത നേതാവ്. രാജ്യത്ത് നിലനിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെയാണ് വിദേശബന്ധങ്ങൾക്ക് വിള്ളൽ വീഴ്‌ത്തുന്ന പുതിയ തീരുമാനം താലിബാൻ കൈക്കൊണ്ടത്.
അതേസമയം, ഹൈസ്കൂൾ പെൺകട്ടികൾക്കായി സ്കൂളുകൾ തുറക്കാനും സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും യു.എസ് ഉൾപ്പെടെയുള്ള ഭരണകൂടങ്ങള്‍ താലിബാനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതേത്തുടർന്ന് വിദേശ ഇടപെടലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്ദ്‌സാദയുടെ നേതൃത്വത്തിൽ മൂവായിരത്തിലധികം ഗോത്ര നേതാക്കളും ഉദ്യോഗസ്ഥരും മതപണ്ഡിതരും പങ്കെടുത്ത യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് വിദേശബന്ധങ്ങൾക്ക് വിള്ളൽ വീഴ്‌ത്തുന്ന, വിവാദപരമായ തീരുമാനം താലിബാൻ കൈക്കൊണ്ടത്.
‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ നമ്മുടെ മുജാഹിദുകളുടെ രക്തത്തിൽ നിന്ന് നാം നേടിയ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാനാണ് ഈ യോഗം വിളിച്ചിരിക്കുന്നത്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് മാത്രമേ ഇനി അന്താരാഷ്ട്ര സമൂഹവുമായി നാം ഇടപെടുകയുള്ളൂ. ഇതിന് വിസമ്മതിക്കുന്ന രാജ്യങ്ങളുമായി യാതൊരു ബന്ധവും താലിബാൻ വെച്ചുപുലർത്തില്ല’, ഹൈബത്തുല്ല വ്യക്തമാക്കി.
Post Your Comments