മംഗലാപുരം: കർണാടകയിലെ ഹിജാബ് നിരോധന വിവാദത്തിന് പിന്നാലെ മംഗലാപുരം സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നും വിദ്യാർത്ഥിനികൾ കൂട്ടത്തോടെ ടി.സി വാങ്ങുന്നതായി റിപ്പോർട്ട്. രണ്ട് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളാണ് ടി.സി വാങ്ങിയത്. 16 ശതമാനത്തോളം വിദ്യാർത്ഥിനികൾ ടി.സി വാങ്ങിയതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ക്ലാസ് മുറികളിൽ ഹിജാബ് വേണ്ടെന്ന കർണാടക ഹൈക്കോടതി വിധി സർവകലാശാല നടപ്പിലാക്കി വന്നതോടെയാണ് പെൺകുട്ടികൾ കൂട്ടത്തോടെ ടി.സി വാങ്ങാൻ ആരംഭിച്ചത്. ഹിജാബ് ധരിക്കാതെ ക്ലാസുകളിൽ ഇരിക്കാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾക്ക് ടി.സി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്) നൽകുമെന്ന് മംഗലാപുരം സർവകലാശാല (എംയു) വൈസ് ചാൻസലർ പ്രൊഫ. പി എസ് യദപാദിത്യ പ്രഖ്യാപിച്ചിരുന്നു.
ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് പ്രകാരം, 2020-21, 2021-22 വർഷങ്ങളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ എം.യുവിലെ സർക്കാർ, എയ്ഡഡ്, അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ 900 മുസ്ലീം പെൺകുട്ടികളിൽ 145 പേരും ടി.സി നേടി. അവരിൽ ചിലർ ഹിജാബ് ധരിക്കാൻ അനുവാദമുള്ള കോളേജുകളിലാണ് ചേർന്നിരിക്കുന്നത്. യൂണിവേഴ്സിറ്റി ഫീസ് അടക്കാൻ കഴിയാത്തതുൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ ആണ് മറ്റ് വിദ്യാർത്ഥിനികൾ പഠനം ഉപേക്ഷിച്ചത്.
അതേസമയം, കുടക് ജില്ലയിലെ 113 മുസ്ലീം പെൺകുട്ടികളും അവരുടെ കോളേജുകളിൽ പഠനം തുടരുകയാണ്. സർക്കാർ കോളേജുകളിൽ ടി.സി തേടുന്ന മുസ്ലീം വിദ്യാർത്ഥിനികളുടെ ശതമാനം (34%) എയ്ഡഡ് കോളേജുകളേക്കാൾ (8%) കൂടുതലാണ്. ദക്ഷിണ കന്നഡയിലെ സർക്കാർ കോളേജുകളിൽ ഡോ. പി ദയാനന്ദ് പൈ-പി സതീഷ പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് ഒന്നാമതാണ്. ഇവിടെ 51 മുസ്ലീം പെൺകുട്ടികളിൽ 35 പേരും ടി.സി എടുത്തിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലായി 39 സർക്കാർ, 36 എയ്ഡഡ് കോളേജുകളുണ്ട്. ഹിജാബ് വിവാദത്തിന്റെ കേന്ദ്രമായ അജ്ജർക്കാട് സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിൽ ഒമ്പത് വിദ്യാർത്ഥിനികൾ ടി.സി വാങ്ങി. വിഷയം പരിഹരിക്കാൻ കഴിയാത്തതിനാൽ കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയെ (കെഎസ്‌ഒയു) സമീപിക്കാൻ വിദ്യാർത്ഥിനികളോട് നിർദ്ദേശിച്ചിരുന്നതായി എം.യു വി.സി പ്രൊഫ.യദപടിത്തായ പറഞ്ഞു. മതത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് താൻ വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ച മുസ്ലീം വിദ്യാർത്ഥിനികൾക്ക് മറ്റ് കോളേജുകളിൽ പ്രവേശനം നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് വൈസ് ചാൻസലർ പി സുബ്രഹ്മണ്യ യദപടിത്തായ മെയ് 27ന് ഉറപ്പ് നൽകിയിരുന്നു.
’15 ഓളം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിൽ ഉറച്ചുനിൽക്കുകയാണ്. ഈ പെൺകുട്ടികളെ കൗൺസിലിംഗ് ചെയ്യാനും കർണാടക ഹൈക്കോടതി ഉത്തരവ് മനസ്സിലാക്കി കൊടുക്കാനും ഞങ്ങൾ തയ്യാറാണ്. കൗൺസിലിംഗ് കൊണ്ട് ഫലം ഇല്ലെങ്കിൽ, ഹിജാബ് അനുവദനീയമായതോ യൂണിഫോം ഇല്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ ഞങ്ങൾ അവരെ സഹായിക്കും’, വി.സി കൂട്ടിച്ചേർത്തു.
Also Read:ഇന്ത്യൻ വിപണി കീഴടക്കാൻ നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ്
കർണാടക ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഏതാനും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കുന്നുവെന്ന് ആരോപിച്ച് മംഗളൂരുവിലെ യൂണിവേഴ്സിറ്റി കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ കോളേജ് അധികൃതർക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച (മെയ് 26) തർക്കം പൊട്ടിപ്പുറപ്പെട്ടത്. 44 മുസ്ലീം വിദ്യാർത്ഥികളെ ഹിജാബ് ധരിക്കാൻ അധികൃതർ അനുവദിച്ചുവെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. കോളേജ് പരിസരത്ത് ഏകീകൃത നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന് കോളേജ് പ്രിൻസിപ്പലിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കുമെതിരെ അവർ ആഞ്ഞടിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാവ് കോളേജ് അധികൃതർക്ക് മേൽ സമ്മർദ്ദം ചുമത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
Post Your Comments