പാറ്റ്‌ന : എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലേറിയ നിതീഷ് കുമാറിന് തലവേദനയായി സ്വന്തം പാര്‍ട്ടിയില്‍ നിന്നുയരുന്ന പരാതികള്‍. തന്നെ മന്ത്രിയാക്കാത്തതില്‍ ജെഡിയു മുതിര്‍ന്ന നേതാവ് ബീമാ ഭാരതി ഉൾപ്പെടെ പല നേതാക്കളും ഇടഞ്ഞുനില്‍ക്കുന്നതാണ് നിതീഷ് കുമാറിന് മുന്നിലെ പുതിയ തലവേദന. എല്ലാ തവണയും തനിക്ക് എല്ലാവരേയും മന്ത്രിയാക്കാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് ബീമയുടെ പരാതിയോട് നിതീഷ് കുമാര്‍ പ്രതികരിച്ചത്.
പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകയായ ലെഷി സിംഗ് വീണ്ടും മന്ത്രിയായി തുടരുകയും താന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വരികയും ചെയ്ത സ്ഥിതിയാണ് ബീമാ ഭാരതിയെ ചൊടിപ്പിച്ചത്. തനിക്ക് മാത്രം എന്തുകൊണ്ടാണ് അവഗണന നേരിടേണ്ടി വരുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. ലെഷിയെ പുറത്താക്കിയില്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്നും ബിമാ ഭാരതി ഭീഷണി മുഴക്കി. താന്‍ പിന്നോക്ക ജാതിയില്‍ നിന്നുള്ള വ്യക്തിയായതിനാലാണ് പാര്‍ട്ടി തന്നോട് അവഗണന കാണിക്കുന്നതെന്ന ബീമയുടെ വിമര്‍ശനങ്ങള്‍ക്കും നിതീഷ് കുമാര്‍ മറുപടി പറഞ്ഞു.
പാര്‍ട്ടി രണ്ടുതവണ ബീമയെ മന്ത്രിയാക്കിയിട്ടുണ്ടെന്നും പാര്‍ട്ടിയാണ് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി ഇത്രയേറെ ബഹുമാനം നല്‍കിയിട്ടും ബീമ ഈ വിധത്തില്‍ പ്രതികരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായും നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം, ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണം നടന്നത്.
ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 79 സീറ്റുകളും ജെഡിയുവിന് 53 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുള്ളത്. ബിജെപിയുമായി മാസങ്ങളായി ജെഡിയു അകല്‍ച്ചയിലാണ്. ഈ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലേതിന് സമാനമായി ബിജെപി വിമത നീക്കം നടത്തി നിതീഷ് കുമാര്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ആശങ്ക നിതീഷ് കുമാറിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ രാജി.
Post Your Comments